ഭവന വാടക റെക്കോര്‍ഡ് വര്‍ധനവില്‍; രാജ്യത്തെ ശരാശരി വാടകനിരക്ക് 1,334 യൂറോയിലെത്തി

ഡബ്ലിന്‍: വര്‍ഷങ്ങളായി അയര്‍ലണ്ടിലെത്തി ഐറിഷ് പൗരത്വം സ്വീകരിച്ച് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുത്തനെ ഉയരുന്ന ഭവന വില വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നാട്ടിലുള്ള സ്വത്തുക്കള്‍ പലതും വില്പന നടത്തി വന്നവര്‍ക്കുപോലും പുതിയൊരു വീട് വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. അയര്‍ലണ്ടിലെ ദേശീയ വരുമാനത്തിന് നല്ലൊരു ശതമാനം സംഭാവന ചെയ്യുന്നവരാണ് ഇവിടെയുള്ള കുടിയേറ്റക്കാര്‍, പ്രത്യേകിച്ച് മലയാളി സമൂഹം. രാജ്യത്തെ ജനക്ഷേമ നിയമങ്ങളില്‍ കുടിയേറ്റക്കാരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പദ്ധതി വേണമെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷനുകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. മലയാളികള്‍ ധാരാളമുള്ള ഡബ്ലിനിലും, കോര്‍ക്കിലെയും അതിസമ്പന്നര്‍ക്ക് മാത്രം വീട് വാങ്ങാമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ച് റെന്റ് പ്രഷര്‍ സോണ്‍ നിലവിലുണ്ടെങ്കിലും പ്രവര്‍ത്തന തലത്തില്‍ വേണ്ടത്ര കാര്യക്ഷമമല്ല എന്നാണ് പലരുടെയും അനുഭവം. ഇതിനുപുറമെയാണ് ഭവന വാടക നിരക്കുകളില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധനവ് തുടരുന്നത്. draft.ie യുടെ റിപ്പാര്‍ട്ട് പ്രകാരം വാടക നിരക്കുകളില്‍ ദേശീയ ശരാശരിയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. വാടകയ്ക്ക് താമസിക്കാനും ഇടത്തരക്കാര്‍ക്ക് പ്രയാസം അനുഭവപ്പെടുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ശരാശരി മാസവാടക 1,334 യൂറോ നിരക്കിലേക്ക് ഉയര്‍ന്നിരിക്കുന്നു. സാമ്പത്തിക മാന്ദ്യം തുടങ്ങിയ 2008 നേക്കാള്‍ 30 മടങ്ങ് വര്‍ധനവാണിത്. ഡബ്ലിനില്‍ ഓരോ വര്‍ഷവും 10.9 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വാടകനിരക്ക് ഡബ്ലിന്‍ മേഖലയിലാണ്. ഡബ്ലിന്‍ സൗത്ത് കൗണ്ടിയിലെ ശരാശരി മാസ വാടകനിരക്ക് 2,156 യൂറോയാണ്. ഡബ്ലിന്‍ സൗത്ത് സിറ്റിയില്‍ ഇത് 2,094 യൂറോയാണ്. സെന്‍ട്രല്‍ ഡബ്ലിന്‍ മേഖലയില്‍ 2,016 യൂറോയും നോര്‍ത്ത് ഡബ്ലിന്‍ സിറ്റിയില്‍1,847 യൂറോയുമാണ് നിലവിലെ ഭവന വാടക നിരക്കുകള്‍.

മറുവശത്ത് രാജ്യത്തെ ഏറ്റവും കുറഞ്ഞ വാടകനിരക്കുകള്‍ ഉള്ള പ്രദേശം ലെയ്ട്രിമിലാണ്. 577 യൂറോയാണ് ഇവിടുത്തെ ശരാശരി മാസവാടക നിരക്കുകള്‍. ഇതിനു പിന്നാലെ ഡോനെഗല്‍ (628 യൂറോ), റോസ്‌കോമണ്‍ (674
യൂറോ), ലോങ്ഫോര്‍ഡ് (680 യൂറോ) എന്നീ കൗണ്ടികളിലാണ് വാടകനിരക്കുകളില്‍ ഏറ്റവും കുറവ് അനുഭവപ്പെടുന്നത്.

വില വര്‍ദ്ധനവിനെ തുടര്‍ന്ന് വസ്തു വില്‍പ്പനയിലും കുറവ് സംഭവിച്ചിട്ടുണ്ട്. വാങ്ങാന്‍ ആളുകള്‍ കുറയുന്നതാണ് വില്പനയില്‍ കുറവ് അനുഭവപ്പെടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് വാടക നിരക്കില്‍ ഇത്രയധികം കുതിച്ചുചാട്ടമുണ്ടായതെന്ന് സാമ്പത്തിക വിദഗ്ദന്‍ റൊണാന്‍ ലയണ്‍സ് അഭിപ്രായപ്പെടുന്നു. വാടക വീടുകളുടെ അഭാവം ഡബ്ലിന്‍ മേഖലയില്‍ ഉള്‍പ്പെടെ വിലവര്‍ധനവിന് കാരണമാകുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓരോ മാസവും 4000 ത്തോളം ഭവനങ്ങളാണ് ഡബ്ലിന്‍ മാര്‍ക്കറ്റില്‍ ആവശ്യമായിരുന്നത്. ഇന്ന് ഒരു മാസവും 6000 വാടക വീടുകളാണ് ആവശ്യമായിരിക്കുന്നത്. അതേസമയം നിലവില്‍ വില്പനക്കെത്തുന്ന വീടുകള്‍ വെറും 2,200 മാത്രമാണ്.

 

 

Share this news

Leave a Reply

%d bloggers like this: