അയര്‍ലണ്ടിന്റെ വ്യോമപാതയില്‍ തിളങ്ങും വസ്തുക്കള്‍ കണ്ടെന്ന് പൈലറ്റുമാര്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ആകാശത്തു നിന്ന് ഉല്‍ക്ക വന്നിടിച്ചു തകര്‍ന്ന ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ ഇന്നേവരെ അത്തരമൊരു അപകടം സംഭവിച്ചിട്ടില്ല. അഥവാ വന്നിടിച്ചാലും അതിനു വിമാനത്തെ തകര്‍ക്കാനുള്ള ശേഷിയൊന്നും ഉണ്ടാകില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഉല്‍ക്കയുടെ ഭൂരിപക്ഷം ഭാഗവും ഭൂമിയുടെ അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തിലൂടെ കത്തിനശിച്ചിട്ടുണ്ടാകുമെന്നതു തന്നെ കാരണം. അയര്‍ലന്‍ഡിനു മുകളില്‍ കഴിഞ്ഞ ദിവസം പറക്കുംതളിക (യുഎഫ്ഒ) പ്രത്യക്ഷപ്പെട്ടതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ മേല്‍പ്പറഞ്ഞ ചര്‍ച്ചയിലേക്ക് വ്യോമയാന വിദഗ്ധരെ വീണ്ടുമെത്തിച്ചിരിക്കുന്നത്.

ബ്രിട്ടിഷ് എയര്‍വേയ്‌സിലെയും വിര്‍ജിന്‍ എയര്‍ലൈന്‍സിലെയും പൈലറ്റുമാരാണ് തങ്ങളുടെ വിമാനത്തിനു സമീപത്തു കൂടെ തിളങ്ങുന്ന ചില വസ്തുക്കള്‍ അതിവേഗം പാഞ്ഞുപോകുന്നതായി കണ്ടത്. അയര്‍ലന്‍ഡിലെ കെറിയ്ക്കു മുകളിലൂടെ പറക്കുമ്പോഴായിരുന്നു ബ്രിട്ടിഷ് എയര്‍വേയ്‌സിലെ പൈലറ്റ് ആ കാഴ്ച കണ്ടത്. സൈനിക പരിശീലനമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചപ്പോള്‍ അത്തരത്തില്‍ യാതൊരു പരിശീലനവും നടക്കുന്നില്ലെന്നായിരുന്നു മറുപടി.

ഉല്‍ക്കകളുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും വിമാനത്തിലുണ്ട്. എങ്കിലും വളരെ അപൂര്‍വമായെങ്കിലും വിമാനങ്ങളും ഉല്‍ക്കകളും തമ്മിലുള്ള ഗുരുതരമായ കൂട്ടിയിടി ഗവേഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ വിമാന നിര്‍മാണത്തിനിടെ അത്തരം അപകടങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും പുതിയ സാങ്കേതികതയും പരീക്ഷിക്കുന്നു.

നവംബര്‍ ഒന്‍പതിന് രാവിലെ ആറേമുക്കാലോടെയായിരുന്നു സംഭവം. പ്രൈമറി/സെക്കന്‍ഡറി റഡാറുകളിലും ആ സമയം യാതൊന്നും പ്രത്യക്ഷപ്പെട്ടില്ല. പക്ഷേ താന്‍ പറത്തിയ ബോയിങ് 787 വിമാനത്തിനു സമാന്തരമായി ചില തിളങ്ങുന്ന വസ്തുക്കള്‍ അതിവേഗത്തോടെ പാഞ്ഞുപോയെന്ന കാര്യത്തില്‍ പൈലറ്റിനു സംശയമുണ്ടായിരുന്നില്ല. മോണ്‍ട്രിയലില്‍ നിന്നു ഹീത്രൂവിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. കെറിക്ക് മുകളിലെത്തിയപ്പോള്‍ വിമാനത്തിന്റെ ഇടതുവശത്തായാണു വെളിച്ചം പ്രത്യക്ഷപ്പെട്ടത്. പിന്നീട് വടക്കുഭാഗത്തേക്ക് അതിവേഗം കുതിച്ചുപോവുകയും ചെയ്തു. ‘കണ്ണഞ്ചിക്കുംവിധം തിളങ്ങുന്ന പ്രകാശം അതിവേഗം പാഞ്ഞു പോയി…’ എന്നാണിതിനെ പൈലറ്റ് വിശേഷിപ്പിച്ചത്. എന്നാല്‍ വിമാനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ല.

ഏകദേശം ഇതേസമയം തന്നെയാണ് വിര്‍ജിന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 747 വിമാനത്തില്‍ നിന്നു വിളിയെത്തിയത്. ഒന്നിലേറെ തിളക്കമുള്ള വസ്തുക്കള്‍ ഒരേ സഞ്ചാരപാതയിലൂടെ അതിവേഗം നീങ്ങുന്നു എന്നായിരുന്നു സന്ദേശം. അവയ്ക്കും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമായിരുന്നു. ഓര്‍ലാന്‍ഡോയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കു പോയ വിര്‍ജിന്‍ എയര്‍ലൈന്‍സില്‍ 455 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബ്രിട്ടിഷ് എയര്‍വേയ്‌സിന്റേതില്‍ 214ഉം. സംഭവത്തെപ്പറ്റി അടിയന്തരമായി ഐറിഷ് ഏവിയേഷന്‍ അതോറിറ്റി(ഐഎഎ) അന്വേഷണത്തിന് ഉത്തരവിട്ടു.

ഐഎഎയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ യുഎഫ്ഒ അല്ല, പൈലറ്റുമാര്‍ കണ്ടത് കത്തിത്തീരാറായ ഉല്‍ക്കകളാണെന്നാണു പറയുന്നത്. ദൃക്‌സാക്ഷി വിവരമനുസരിച്ച് ഏവിയേഷന്‍ വിദഗ്ധരും എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം വിരല്‍ചൂണ്ടുന്നത് ഉല്‍ക്കകളിലേക്കാണ്. വിമാനങ്ങളുടെ പാതയില്‍ ചെറു ഉല്‍ക്കകള്‍ എത്തുന്നത് അപൂര്‍വ സംഭവമല്ലെന്നും ഇവര്‍ പറയുന്നു. ഭൂമിയിലുള്ള ഏതൊരു വസ്തുവിനേക്കാളും വേഗത്തിലായിരുന്നു ‘വെളിച്ച വസ്തു’ക്കളുടെ യാത്രയെന്നാണ് പൈലറ്റുമാര്‍ പറയുന്നത്. അതിനാല്‍ത്തന്നെ ‘ആസ്‌ട്രോണമിക്കല്‍ ഓബ്ജക്റ്റ്‌സി’ന്റെ സാന്നിധ്യമാണ് ഐഎഎ പ്രധാനമായും പരിഗണിക്കുന്നത്. ആ പരിഗണനാ പട്ടികയില്‍ ആദ്യസ്ഥാനത്താകട്ടെ കത്തിത്തീരാറായ ഉല്‍ക്കകളാണു താനും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: