പീഡനക്കേസ് പ്രതിയെ വെറുതെ വിട്ടു; ഡയലില്‍ അടിവസ്ത്രവുമായി വനിതാ എംപിയുടെ പ്രതിഷേധം

ഡബ്ലിന്‍: ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കോടതിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതില്‍ ഡയലില്‍ ഡബ്ലിനില്‍ നിന്നുള്ള വനിതാ എംപിയുടെ വേറിട്ട പ്രതിഷേധം. പതിനേഴുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ ആളെ വെറുതെ വിടാന്‍ വാദി ഭാഗം മുന്നോട്ട് വച്ച വാദങ്ങള്‍ക്കെതിരെയായിരുന്നു വനിതാ എം പി റൂത്ത് കോപ്പിംഗര്‍ പീഡനസമയത്ത് ഇര ധരിച്ചിരുന്നതിന് സമാനമായ അടിവസ്ത്രം സഭയില്‍ ഉയര്‍ത്തി കാട്ടിയത്. പതിനേഴുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ പ്രതിയെ വെറുതെ വിടാന്‍ കണ്ടെത്തിയ കാരണങ്ങളാണ് ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ റൂത്ത് കോപ്പിംഗര്‍ എന്ന എംപിയെ പ്രകോപിപ്പിച്ചത്.

പെണ്‍കുട്ടിയുടെ വസ്ത്രധാരണമായിരുന്നു ഇയാള്‍ക്ക് പീഡിപ്പിക്കാന്‍ പ്രകോപനം ആയതെന്ന വാദി ഭാഗത്തിന്റെ വാദം അംഗീകരിച്ച് കേസില്‍ പ്രതിയെ വെറുതെ വിട്ടിരുന്നു. പെണ്‍കുട്ടിയുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു നടന്നതെന്നും അതിനെ പീഡനമായി കാണാന്‍ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്ന നെറ്റ് നിര്‍മിതമായിരുന്ന അടിവസ്ത്രമായിരുന്നു കേസില്‍ പെണ്‍കുട്ടിക്ക് എതിരായി വന്ന പ്രധാന തെളിവ്.

ഇരുപത്തിയേഴുകാരനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. കോടതി നടപടിക്കെതിരെ അയര്‍ലന്‍ഡില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നതിന് പിന്നാലെയായിരുന്നു പാര്‍ലമെന്റില്‍ റൂത്തിന്റെ പ്രതിഷേധം. ഇരയെ പഴിചാരി പ്രതിയെ വെറുതെ വിട്ടതിലുള്ള പ്രതിഷേധമായാണ് കേസിലെ പ്രധാന തെളിവിന് സമാനമായ അടിവസ്ത്രവുമായി റൂത്ത് പാര്‍ലമെന്റില്‍ എത്തിയത്. അടിവസ്ത്രം ഉയര്‍ത്തിക്കാണിച്ച് ഇതെങ്ങനെ ലൈംഗിക ബന്ധത്തിനുള്ള തെളിവാകുമെന്ന് റൂത്ത് ചോദിച്ചു. അടിവസ്ത്രം പാര്‍ലമെന്റില്‍ കാണിക്കാന്‍ നാണക്കേടുണ്ട് എന്നാല്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് അവളുടെ അടിവസ്ത്രം ഉഭയസമ്മതമായി കണക്കാക്കാന്‍ കാരണമാകുമ്പോള്‍ ഈ അപമാനം നിസാരമാണെന്നും റൂത്ത് പറഞ്ഞു.

കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അയര്‍ലന്‍ഡില്‍ നടന്നു വരുന്നത്. കോടതിയോട് ബഹുമാനമുള്ളത് കൊണ്ട് വിധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇതിനെതിരെ ശക്തമായ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിന് സാധിക്കും. സത്വരമായ നടപടികള്‍ സ്വീകരിക്കുന്നത് സമാനമായ സംഭവങ്ങളില്‍ ഇരയ്ക്ക് നീതി ഉറപ്പാക്കുമെന്നും റൂത്ത് പാര്‍ലമെന്റില്‍ വിശദമാക്കി.

എ എം

Share this news

Leave a Reply

%d bloggers like this: