ബ്രെക്‌സിറ്റില്‍ രാഷ്ട്രീയ അനശ്ചിതത്വം തുടരുന്നു; ബ്രെക്സിറ്റ് കരട് ധാരണയില്‍ തിരുത്തല്‍ വരുത്താന്‍ നീക്കം; മാറ്റങ്ങള്‍ സാധ്യമല്ലെന്ന് ഇയു നേതാക്കള്‍

പ്രധാനമന്ത്രി തെരേസ മെയ് യൂറോപ്യന്‍ യൂണിയനുമായി രൂപപ്പെടുത്തിയ അന്തിമ ബ്രെക്‌സിറ്റ് കരാറിന്റെ കരടുരൂപം പുറത്തുവിട്ടതുമുതല്‍ ബ്രിട്ടനില്‍ ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നാടകീയ സംഭവങ്ങളും തുടരുന്നു. ബുധനാഴ്ച മെയുടെ ബ്രെക്‌സിറ്റ് കരാറിനോടുള്ള എതിര്‍പ്പുമൂലം രാജിവച്ച മന്ത്രിമാര്‍ക്കുപകരം പുതിയ മന്ത്രിമാരെ നിയമിച്ചുകൊണ്ട് മുന്നോട്ടുള്ള പ്രയാണം തുടരുമെന്നു വ്യക്തമാക്കുകയാണ് തെരേസയിപ്പോള്‍. പുതിയ ബ്രെക്‌സിറ്റ് മന്ത്രിയായി സ്റ്റീവ് ബാര്‍ക്ലേയെ നിയമിച്ചുകൊണ്ടാണ് തെരേസ മെയ് തിരിച്ചടി തുടങ്ങിയത്.

മുന്‍ ആഭ്യന്തര മന്ത്രി ആംബെര്‍ റുഡ്ഡും മന്ത്രിസഭയിലേക്ക് തിരികെയെത്തി. എസ്‌തേര്‍ മക്വേയ്ക്കു പകരം വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറിയായിട്ടാണ് ആംബെര്‍ റുഡ്ഡിന്റെ മടങ്ങിവരവ്. പുതിയ ആരോഗ്യമന്ത്രിയായി നിയമിക്കപ്പെട്ടത് സ്റ്റീഫന്‍ ഹാമ്മണ്ടാണ്. ജോണ്‍ പെന്റോസ് പുതിയ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് ഓഫീസ് സെക്രട്ടറിയാകും. രാജിവയ്ക്കുമെന്നു ശക്തമായ പ്രചാരമുണ്ടായിരുന്ന പരിസ്ഥിതി മന്ത്രിയും സീനിയര്‍ കണ്‍സര്‍വേറ്റീവ് നേതാവുമായ മൈക്കേല്‍ ഗോവ് രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി. അദ്ദേഹം പരിസ്ഥിതി മന്ത്രിയായി തുടരും.

അഞ്ചോളം മന്ത്രിമാര്‍ ചേര്‍ന്ന് തെരേസ മെയിനെക്കൊണ്ട് ബ്രെക്‌സിറ്റ് കരാറില്‍ ഇനിയും മാറ്റങ്ങള്‍ വരുത്തിക്കാന്‍ ശ്രമിക്കും എന്നവാര്‍ത്തയാണ് നാടകീയതകളിലെ ഏറ്റവും പുതിയ വഴിത്തിരിവ്. ആന്‍ഡ്രിയ ലീഡ്‌സം, ലിയം ഫോക്‌സ്, ക്രിസ് ഗ്രേയ്‌ലിങ്ങ്, പെന്നി മോര്‍ഡൗണ്ട്, മൈക്കേല്‍ ഗോവ് എന്നിവരാണ് ആ മന്ത്രിമാര്‍. ഇങ്ങനെ ബ്രെക്‌സിറ്റ് കരാറില്‍ വീണ്ടൂം മാറ്റങ്ങള്‍ വരുത്തിയാല്‍, ഇപ്പോള്‍ ഇടഞ്ഞുനില്‍ക്കുന്ന ഹാര്‍ഡ് ബ്രെക്‌സിറ്റ് അനുകൂലികളായ കണ്‍സര്‍വേറ്റീവുകളുടെ പിന്തുണയും നേടാനാകുമെന്ന് അവര്‍ കരുതുന്നു. അങ്ങനെയെങ്കില്‍ തെരേസ മെയിന് വീണ്ടൂം ഭരണവുമായി മുന്നോട്ടുപോകാന്‍ കഴിയും. ഐറിഷ് ബാക്ക്സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ സമീപനം തിരുത്തുകയാണ് സംഘത്തിന്റെ ദൗത്യം.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബ്രെക്സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ ചിലത് തുടരണമെന്നാണ് ഈ വ്യവസ്ഥ പറയുന്നത്. ബ്രെക്സിറ്റില്‍ ഒരു ദീര്‍ഘകാല ധാരണ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപയോഗിക്കാവുന്ന ബാക്ക് അപ്പ് പ്ലാനായാണ് ഇത് നിര്‍ദേശിക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്‍ അനുമതിയില്ലാതെ ഇതില്‍ നിന്ന് യുകെയ്ക്ക് പിന്മാറാനും കഴിയില്ല. ഈ ധാരണയെ വിമര്‍ശകര്‍ എതിര്‍ക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുടെ കാര്യത്തിലാണ് ഈ നിബന്ധന ഉദ്ദേശിക്കുന്നത്. ബുധനാഴ്ചയാണ് 585 പേജുകളുള്ള കരട് ബ്രെക്സിറ്റ് കരാര്‍ പ്രധാനമന്ത്രി അവതരിപ്പിച്ചത്.

ഇതില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുന്നതിലുള്ള നിബന്ധനകളും യൂറോപ്യന്‍ യൂണിയന് നല്‍കേണ്ടി വരുന്ന പണം എത്രയാണെന്നും പരിവര്‍ത്തന കാലം പൗരാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇതിനെതിരെ ക്യാബിനറ്റിനുള്ളില്‍ത്തന്നെ എതിര്‍പ്പുകള്‍ ഉയരുകയും രണ്ട് സീനിയര്‍ മന്ത്രിമാരും ജൂനിയര്‍ മന്ത്രിമാരുള്‍പ്പെടെയുള്ള സഹായികളും രാജി നല്‍കുകയും ചെയ്തു. തെരേസ മേയ്ക്കെതിരെ ടോറികള്‍ തന്നെ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മേയ്ക്കെതിരെ 48 പേര്‍ അവിശ്വാസം പ്രകടിപ്പിച്ച് കത്ത് നല്‍കിയാല്‍ അത് വോട്ടിംഗിലേക്ക് നീങ്ങുകയും കോമണ്‍സില്‍ അവര്‍ക്ക് വിശ്വാസം തെളിയിക്കേണ്ടി വരികയും ചെയ്യും.

അതേസമയം ഇപ്പോള്‍ ചര്‍ച്ചചെയ്ത് അന്തിമമായി രൂപപ്പെടുത്തിയ ബ്രെക്‌സിറ്റ് കരാറില്‍ ഇനി കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനാവില്ലെന്ന് യുറോപ്യന്‍ യൂണിയന്‍ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെമൂലം ഇപ്പോഴും ബ്രിട്ടനില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഒഴിവായി എന്ന് പറയുവാന്‍ കഴിയില്ല. ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ട് പിന്തുണ നേടുകയോ അല്ലെങ്കില്‍ തെരേസ മെയ് അവിശ്വാസപ്രമേയം പരാജയപ്പെടുത്തുകയോ ചെയ്യുന്നതുവരെ ഈ അനിശ്ചിതത്വം തുടരും.

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: