പാരീസ് കോള്‍ ദൗത്യവുമായി യൂറോപ്യന്‍ യൂണിയന്‍; ഇന്റര്‍നെറ്റിന്റെ സുരക്ഷ ഉറപ്പാന്‍ ആഹ്വാനം

ഒന്നാം ലോക മഹായുദ്ധത്തിന് അറുതി കുറിച്ച ദിനത്തിന്റെ 100-ാം വാര്‍ഷികദിനത്തിന്റെ പിറ്റേ ദിവസം പാരീസില്‍ ഒരു പ്രത്യേക സമ്മേളനം നടന്നു. എല്ലാ അര്‍ഥത്തിലും വലിയ പ്രാധാന്യം അര്‍ഹിക്കുന്നതായിരുന്നു ആ സമ്മേളനം. ഇന്റര്‍നെറ്റിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം.

ഇന്റര്‍നെറ്റ് സ്വതന്ത്രവും, തുറന്നതും, സുരക്ഷിതവുമാണ്. എന്നാല്‍ സമീപകാലത്തെ ചില സംഭവങ്ങള്‍ ഇന്റര്‍നെറ്റിനെ കുറിച്ചുള്ള ഇത്തരം ധാരണകളെ തിരുത്തിയെഴുതിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നതിനും വിദ്വേഷ പ്രസംഗം, ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ്, സൈബര്‍ ആക്രമണം തുടങ്ങിയ ഭീഷണികള്‍ നേരിടുന്നതിനും ഫ്രാന്‍സും, ടെക് രംഗത്തെ മുന്‍നിര കമ്പനികളും രംഗത്തുവന്നിരിക്കുകയാണ്. പാരീസ് കോള്‍ എന്നു ചുരുക്കപ്പേരിട്ടിരിക്കുന്ന ദൗത്യത്തിന് യൂറോപ്യന്‍ യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ അമേരിക്കയും, റഷ്യയും, ചൈനയും മുഖംതിരിച്ചു നില്‍ക്കുകയാണ്. നമ്മളുടെ അനുദിന ജീവിതത്തില്‍ മുഖ്യസ്ഥാനമുള്ള സൈബര്‍സ്പേസ് (cyberspace) അവസരങ്ങളുടെ ഒരു വേദിയാണ് അതോടൊപ്പം പുതിയ ഭീഷണിയും കൂടിയാണ്. സൈബര്‍ കുറ്റകൃത്യങ്ങളിലും, വിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തികളിലുമുണ്ടായിരിക്കുന്ന വര്‍ധന, നമ്മളുടെ സ്വകാര്യ ഡാറ്റയെയും, ചില നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചറുകളെയും അപകടത്തിലാക്കുന്ന സ്ഥിതിവിശേഷം കൊണ്ടുവന്നിരിക്കുകയാണ്.

യഥാര്‍ഥ ലോകത്തിലേതു പോലെ, ഓരോ വ്യക്തിയുടെയും അവകാശങ്ങളെ ബഹുമാനിക്കുന്നതിനും, അവര്‍ക്ക് ഓണ്‍ലൈനില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ സ്വകാര്യമേഖല, ഗവേഷകര്‍, സിവില്‍ സമൂഹം എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പാരീസില്‍ ഈ മാസം 12ന് യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ദി പാരീസ് കോള്‍ ഫോര്‍ ട്രസ്റ്റ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ സൈബര്‍സ്പേസ് എടുത്തുപറഞ്ഞതും ഈയൊരു ആവശ്യകതയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് സൈബര്‍ സ്പേസിലെ സുരക്ഷ ഉറപ്പാക്കുന്ന ആഗോള ദൗത്യം പാരീസില്‍ ലോഞ്ച് ചെയ്തത്. ദൗത്യത്തിനു പിന്തുണ അറിയിച്ചു കൊണ്ട് യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 51 ഭരണകൂടങ്ങളും, 29 അംഗ നാറ്റോ കൂട്ടായ്മയിലെ 27 അംഗങ്ങളും രംഗത്തുവന്നു. രാജ്യങ്ങള്‍, കൂട്ടായ്മകള്‍, വ്യക്തികള്‍ ഉള്‍പ്പെടെ 370 പേര്‍ ദൗത്യത്തിനു മൊത്തം പിന്തുണ അറിയിച്ചിട്ടുണ്ട്. ടെക് രംഗത്തെ മുന്‍നിര കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്റല്‍, എറിക്സന്‍, സാംസങ്, അസെന്‍ച്വര്‍, സെയില്‍സ്ഫോഴ്സ്, ഹിറ്റാച്ചി, എന്നിവരും ധനകാര്യരംഗത്തെ മുന്‍നിരക്കാരായ സിറ്റി ഗ്രൂപ്പ്, മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവരും, വ്യവസായരംഗത്തെ മുന്‍നിരക്കാരായ നെസ്ലെ, ലുഫ്താന്‍സ, ഷ്നെയ്ഡര്‍ ഇലക്ട്രിക് എന്നിവരും പിന്തുണ അറിയിച്ചവരില്‍ ഉള്‍പ്പെടും.

ഡിജിറ്റല്‍ രംഗത്തു സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പാരീസ് കോള്‍ എന്ന ദൗത്യം സുപ്രധാനമായൊരു ചുവടുവെപ്പാണ്. ഭാവിയിലെ പുരോഗതിക്കു ശക്തമായ ഒരു അടിത്തറ ഉണ്ടാക്കുകയാണ് ഈ ദൗത്യം. വ്യവസ്ഥാപിതമോ, വിവേചനരഹിതമോ ആയ സൈബര്‍ ആക്രമണങ്ങളില്‍നിന്നും സിവിലിയന്‍ ഇന്‍ഫ്രാസ്ട്രെക്ചറിനെയും, പൗരന്മാരേയും സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ തത്വങ്ങളും, ശക്തമായ നയങ്ങള്‍ക്കുമുള്ള പ്രതിബദ്ധത ആവശ്യപ്പെടുന്നുണ്ട് പാരീസ് കോള്‍. അതോടൊപ്പം ജനാധിപത്യത്തെയും, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും സൈബര്‍ ഭീഷണികളില്‍നിന്നും സംരക്ഷിക്കുന്നതിനായി സര്‍ക്കാരും, ടെക് കമ്പനികളും, എന്‍ജിഒകളും ഒരുമിച്ചു നില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട് പാരീസ് കോള്‍.

സൈബര്‍ സുരക്ഷയിലെ പുരോഗതി വിജയപ്രാപ്തിയില്‍ എത്തണമെങ്കില്‍ നമ്മുടെ സമീപനം ബഹുരാഷ്ട്രമാകുന്നതിനോടൊപ്പം തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നതുമാകണം. സൈബര്‍ സ്പേസ് സ്വകാര്യ ഉടമസ്ഥതയിലാണെന്നതു തന്നെ ഇതിനുള്ള കാരണം. യഥാര്‍ഥ ലോകത്തിലുള്ള ഭൗതിക ഘടകങ്ങളായ ഡാറ്റ സെന്ററുകള്‍, സമുദ്രത്തിനിടയിലെ കേബിളുകള്‍, ലാപ് ടോപ്പുകള്‍, മൊബൈല്‍ ഡിവൈസുകള്‍ എന്നിവ അടങ്ങിയതാണു സൈബര്‍ സ്പേസ്. ഈ ഘടകങ്ങളെല്ലാം നിര്‍മിക്കുന്നതാകട്ടെ സ്വകാര്യ രംഗത്തുള്ള കമ്പനികളാണ്. പലപ്പോഴും ഇവ പ്രവര്‍ത്തിപ്പിക്കുന്നതും, സ്വന്തമാക്കിയിരിക്കുന്നതും സ്വകാര്യരംഗത്തുള്ള ടെക് കമ്പനികളാണ്.

ഈ ഘടകങ്ങളെ പ്രവര്‍ത്തിപ്പിക്കുന്ന ടെക്നോളജിയെയും അതുമായി ബന്ധപ്പെട്ടവരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ടെക് മേഖലയ്ക്കുള്ളതാണെങ്കിലും, ഈ വിഷയം കൈകാര്യം ചെയ്യാന്‍ ഗവണ്‍മെന്റുകള്‍, കമ്പനികള്‍, സിവില്‍ സമൂഹം എന്നിവ ഒന്നിച്ചു വരേണ്ടത് ആവശ്യമാണെന്നും ബോധ്യപ്പെട്ടിരിക്കുന്നു. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിലൂടെ അഭൂതപൂര്‍വമായ അളവിലും, വേഗതയിലും ആഗോളവത്കരണത്തിന്റെ പുതിയ തരംഗങ്ങള്‍ നമ്മള്‍ ഏറ്റുവാങ്ങുകയാണ്. ഇതിലൂടെയുണ്ടാകുന്ന പരിവര്‍ത്തനങ്ങളില്‍നിന്നും ഉണ്ടാകുന്ന അവസരങ്ങളെ നമ്മളോടൊപ്പം സ്വാഗതം ചെയ്യാന്‍ സൈബര്‍ കുറ്റവാളികളുമുണ്ടെന്നതാണ് ഒരു യാഥാര്‍ഥ്യം.ഇതിനെ നേരിടാന്‍ ആഗോളതലത്തിലുള്ള സഹകരണം ആവശ്യമായി വന്നിരിക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: