ആ ദുരിത ക്യൂ കാലം വീണ്ടും വരുന്നു; രാജ്യത്തെ പകുതി എടിഎമ്മുകള്‍ക്കും അടുത്ത വര്‍ഷത്തോടെ പൂട്ടുവീഴും

ഒട്ടും ശുഭകരമായതല്ല കഴിഞ്ഞ ദിവസം പുറത്തുവന്ന എടിഎമ്മുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്. മറ്റൊരു വലിയ കറന്‍സി പ്രതിസന്ധിയാണോ രാജ്യത്തെ ജനങ്ങളെ കാത്തിരിക്കുന്നത്. 2019 മാര്‍ച്ച് മാസത്തോടു കൂടി ഇന്ത്യയിലെ പകുതിയോളം എടിഎമ്മുകളും പൂട്ടിപ്പോകുമെന്നാണ് ആഭ്യന്തര എടിഎം സേവന ദാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (സിഎടിഎംഐ) കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

പുതിയ നിയന്ത്രണങ്ങള്‍ എടിഎമ്മുകള്‍ മാനേജ് ചെയ്യുകയെന്നത് സാമ്പത്തികപരമായി ഒട്ടും ലാഭകരമല്ലാത്ത അവസ്ഥയിലേക്കാണ് നയിക്കുകയെന്ന് അവര്‍ പരാതിപ്പെടുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ കടുത്ത മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് എടിഎമ്മുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുമ്പോള്‍ ഏകദേശം 3,500 കോടി രൂപയുടെ അധികബാധ്യത വരുമെന്നാണ് സിഎടിഎംഐ പറയുന്നത്. ഇത് ചൂണ്ടിക്കാണിച്ച് കേന്ദ്ര ബാങ്കിനെയും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനെയും ഇവര്‍ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

ഭൗതിക, സുരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ അപ്ഗ്രഡേഷന്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് ഉടനടി എടിഎം നടത്തിപ്പുക്കാര്‍ ചെയ്തുതീര്‍ക്കേണ്ടത്. ഒരു എടിഎം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഏകദേശം 5 മുതല്‍ 7 ലക്ഷം രൂപവരെ ചെലവ് വരും. പ്രതിമാസ പ്രവര്‍ത്തന ചെലവാകട്ടെ 30,000 രൂപയോളവും. എടിഎം നടത്തിപ്പുകാര്‍ക്ക് ഇടപാട്നിരക്കനുസരിച്ചുള്ള ഫീസാണ് ബാങ്കുകള്‍ നല്‍കുന്നത്. നിലവിലെ അവസ്ഥവെച്ച് പുതിയ അടിസ്ഥാനസൗകര്യത്തിനായുള്ള നിക്ഷേപം എടിഎം നടത്തിപ്പുകാരെ സംബന്ധിച്ച് കടുത്ത സാമ്പത്തിക ബാധ്യതയാണ്. മൂന്ന് മാസത്തിനുള്ളില്‍ അപ്ഗ്രഡേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഇത് പ്രാവര്‍ത്തികമാകാന്‍ സാധ്യത ഇല്ലാത്തതിനാല്‍ പല എടിഎം കേന്ദ്രങ്ങളും അടച്ചുപൂട്ടുമെന്നാണ് സംഘടന പറയുന്നത്.

എടിഎമ്മുകളുടെ എണ്ണം രാജ്യത്ത് കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം 208,000 എടിഎമ്മുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 205,000 എടിഎമ്മുകളാണ്. ഗ്രാമപ്രദേശങ്ങളില്‍ എടിഎമ്മുകള്‍ അടച്ചുപൂട്ടിയാല്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതിയെ അത് കാര്യമായി ബാധിക്കും. ധനകാര്യസേവനങ്ങള്‍ എത്തിപ്പെടാത്ത ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് ബാങ്ക് എക്കൗണ്ട് ലഭ്യമാക്കുമ്പോള്‍ ആവശ്യത്തിന് എടിഎമ്മുകള്‍ ലഭ്യമായില്ലെങ്കില്‍ അത് തിരിച്ചടിയാകും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയ ഇപ്പോഴും പൂര്‍ണമായിട്ടില്ല. ഔപചാരിക ധനകാര്യ സേവനങ്ങള്‍ എത്തിപ്പെടാത്ത നിരവധി പ്രദേശങ്ങള്‍ ഇനിയും രാജ്യത്തുണ്ട്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച സുപ്രധാനമായ പദ്ധതിയായിരുന്നു ജന്‍ധന്‍യോജന. ഇതുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ദൂരമ സഞ്ചരിക്കേണ്ടതുണ്ട്, അതില്‍ എടിഎമ്മുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുമുണ്ട്.

മാത്രമല്ല പകുതിയോളം എടിഎമ്മുകള്‍ പൂട്ടുന്ന അവസ്ഥ വന്നാല്‍ നോട്ട് അസാധുവാക്കല്‍ കാലത്ത് ഉണ്ടായതിനേക്കാള്‍ രൂക്ഷമായ പണപ്രതിസന്ധിയും സൃഷ്ടിക്കപ്പെടും. ഇത് സാധാരണക്കാരില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിക്കാനും കാരണമാകും. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രക്രിയ തുടരുകയാണെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓട്ടോമാറ്റിക്ക് ടെല്ലര്‍ മഷീനുകള്‍ വളരെയധികം പ്രസക്തമാണെന്ന് പ്രശസ്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസി അടുത്തിടെ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരും ബാങ്കുകളും ഈ വിഷയത്തെ അഭിമുഖീകരിക്കാന്‍ തയാറാകണം. സുരക്ഷാ വീഴ്ച്ച ഇല്ലാതെ തന്നെ എടിഎം നടത്തിപ്പിന്റെ ചെലവ് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുമുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: