അയര്‍ലണ്ടില്‍ വര്‍ക്ക് – റെസിഡന്‍സി പെര്‍മിറ്റുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു; ആശങ്ക അറിയിച്ച് കമ്പനി ഉടമകളും ജീവനക്കാരും

ഡബ്ലിന്‍: വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളുടെ കാലതാമസം മലയാളികള്‍ ഉള്‍പ്പെടെ നോണ്‍-ഇഇഎ രാജ്യങ്ങളില്‍ നിന്ന് അയര്‍ലണ്ടില്‍ ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. ഇന്ത്യയില്‍ നിന്നടക്കം അയര്‍ലന്റിലെത്തുന്നവര്‍ അപേക്ഷ സമര്‍പ്പിച്ച് നാല് മാസത്തോളം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ സാഹചര്യം തന്നെയാണ് റെസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിലുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ എക്കണോമിക് ഏരിയയ്ക്ക് പുറത്തു നിന്ന് അയര്‍ലണ്ടില്‍ എത്തി തൊഴില്‍ ചെയ്യുന്നവര്‍ക്കും സ്ഥിരതാമസം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പെര്‍മിറ്റ് അനുവദിക്കുന്നതില്‍ കാലതാമസം പ്രധാന പ്രശ്‌നമായി മാറുന്നുണ്ട്.

ചില കമ്പനികള്‍ ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ ട്രസ്റ്റഡ് പാര്‍ട്ണര്‍ രജിസ്റ്റര്‍ വഴിയാണ് അപേക്ഷിക്കുന്നത്. ഇതിലൂടെ രണ്ട് ആഴ്ചയ്ക്കുള്ളില്‍ അപേക്ഷകള്‍ പരിശോധിച്ചു കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രീതിക്കും ആറ് ആഴ്ചവരെയാണ് കാലതാമസം നേരിടുന്നത്. സാധാരണ രീതിയില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് നാല് മാസം വരെയും കാത്തിരിക്കേണ്ടി വരുന്നു. അയര്‍ലണ്ടില്‍ പ്രവേശിച്ച് 90 ദിവസത്തിനുള്ളില്‍ കൈവശമാക്കേണ്ട പ്രത്യേക റെസിഡന്‍സി പെര്‍മിറ്റുകള്‍ക്കും വലിയ രീതിയില്‍ കാലതാമസം നേരിടുന്നുണ്ടെന്ന് അപേക്ഷകര്‍ വ്യക്തമാക്കുന്നു. സാധാരണ രീതിയിലുള്ള അപേക്ഷകളും ട്രസ്റ്റഡ് പാര്‍ട്ണര്‍ റെജിസ്‌ട്രേഷന്‍ സിസ്റ്റത്തിലും നേരുന്ന കാലതാമസം മൂലം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇവിടെത്തുന്ന തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെ വരികയും കമ്പനികള്‍ക്ക് ഇത് വളരെ ബാധ്യതയും സൃഷ്ടിക്കുന്നു.

ഏറ്റവും കൂടുതല്‍ റെസിഡന്‍സി പെര്‍മിറ്റ് അപേക്ഷകള്‍ എത്തുന്ന ഡബ്ലിന്‍ ഏരിയയില്‍ കുറച്ചു നാള്‍ക്ക് മുന്‍പ് അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന ആക്കിയിരുന്നു. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ് ഒപ്പം അപേക്ഷാ ഫീസും അടയ്ക്കാവുന്നതാണ്. തുടര്‍ന്ന് ഇമിഗ്രേഷന്‍ ഓഫീസിലെത്തി പരിശോധനകള്‍ക്ക് വിധേയമാകുന്നതിലൂടെ വര്‍ക്ക്-റെസിഡന്‍സി പെര്‍മിറ്റുകള്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. അപേക്ഷകളുടെ കാലതാമസം ഒഴിവാക്കുക, അപേക്ഷ സമര്‍പ്പിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ഓണ്‍ലൈന്‍ രീതികള്‍ അവലംബിച്ചത്. എന്നാല്‍ അപേക്ഷകള്‍ പരിശോധിച്ചതിന് ശേഷം ഇമിഗ്രേഷന്‍ അപ്പോയിന്‍മെന്‍ഡ് 90 ദിവസത്തിനുള്ളില്‍ ലഭ്യമാകാത്തതാണ് കാലതാമസത്തിന് ഇടയാക്കുന്നത്.

ഒരു കമ്പനിയുടെ സിഇഒ മുതല്‍ തൊഴില്‍ തേടിയെത്തിയ ജീവനക്കാര്‍ വരെ താഴേക്കുള്ള എല്ലാവരിലും വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനുള്ള കാലതാമസം പ്രതികൂലമായി ബാധിക്കുണ്ടെന്ന് കോര്‍പ്പറേറ്റ് കെയര്‍ റീലൊക്കേഷന്‍ മാനേജിങ് ഡയറക്ടറായ ഫ്രാങ്ക് മോര്‍ലി പറയുന്നു. ശരിയായ സമയത്ത് വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കാത്തതുമൂലം ജീവനക്കാര്‍ പരിഭ്രാന്തരാവുന്നതായും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിലെ കാലതാമസം സൃഷ്ടിച്ച പ്രതിസന്ധി മൂലം മലയാളിയായ ഉടമയ്ക്ക് കോടതിയുടെ പിഴ ശിക്ഷ വിധിച്ചത് കുറച്ചു മാസം മുന്‍പായിരുന്നു.

കഴിഞ്ഞ മാസങ്ങളില്‍ പ്രതീക്ഷിച്ചതിലുമധികം എംപ്ലോയ്മെന്റ് പെര്‍മിറ്റ് അപേക്ഷകള്‍ വന്നാതാണ് കാലതാമസത്തിന് ഇടയാക്കിയതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ്സ് വ്യക്തമാക്കുന്നു. ഒക്ടോബര്‍ അവസാനം വരെ ഈ വര്‍ഷം 2017 നേക്കാള്‍ 28 ശതമാനം അധിക അപേക്ഷകളാണ് ലഭ്യമായത്. ട്രസ്റ്റഡ് പാര്‍ട്ട്ണര്‍ സംവിധാനത്തിലൂടെ അപേക്ഷിക്കുന്നവര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനുള്ള കാലതാമസം ഏഴ് ആഴ്ചയില്‍ നിന്ന് അഞ്ച് ആഴ്ചയാക്കി കുറയ്ക്കാനും സാധാരണ അപേക്ഷകള്‍ക്ക് 16 ആഴ്ചയില്‍ നിന്ന് 13 ആഴ്ചയും ആക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. ഇതിനായി അധിക സ്റ്റാഫിനെ നിയമിക്കുകയും ആലോചിക്കുന്നുണ്ട്.

 

എ എം

Share this news

Leave a Reply

%d bloggers like this: