അയര്‍ലണ്ട് ക്രിസ്മസ് ആഘോഷ ലഹരിയിലേക്ക്; പ്രധാന നഗരങ്ങളില്‍ ഗതാഗതക്കുരുക്ക്; റെക്കോര്‍ഡ് യാത്രക്കാരുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഏറ്റവുമധികം യാത്രാത്തിരക്ക് അനുഭവപ്പെടുന്ന വേളയാണ് ക്രിസ്മസ് ന്യൂഇയര്‍ അവധി ദിനങ്ങള്‍. ക്രിസ്മസ് ആഘോഷത്തിനും ബന്ധുക്കളെയും, സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനും ഷോപ്പിങ്ങിനും ഒക്കെയായി കുടുംബങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഈ സമയത്താണ്. ഡബ്ലിന്‍ നഗരത്തില്‍ തന്നെയാണ് ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത്. റോഡിലെ തിരക്കിനു പുറമേ ട്രെയിന്‍ യാത്രയ്ക്കും ഈ ദിവസങ്ങളില്‍ കനത്ത തിരക്കാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഞ്ഞുവീഴ്ചയ്ക്ക് അല്പം ശമനം ഉണ്ടെന്നതാണ് ആശ്വാസം പകരുന്ന കാര്യം. അതിരാവിലെയുള്ള മൂടല്‍മഞ്ഞ് ഒഴിച്ചാല്‍ വാരാന്ത്യത്തില്‍ ഉള്‍പ്പെടെ കാര്യമായ മഞ്ഞുവീഴ്ച എങ്ങും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അപകടങ്ങളും കുറവാണ്.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള എല്ലാവിധ തയ്യാറെടുപ്പുകളും അയര്‍ലണ്ടില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വാഹന യാത്രക്കാരുടെ എണ്ണം പതിന്‍മടങ് വര്‍ധിച്ചിട്ടുണ്ട്. റോഡ്, റെയില്‍ എയര്‍സര്‍വീസ് തുടങ്ങി എല്ലാ തരത്തിലുള്ള ഗതാഗത സംവിധാനങ്ങളിലും ക്രിസ്മസ് തിരക്ക് കാണാം. കഴിഞ്ഞ വര്‍ഷംഡിസംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ 315 ബ്രേക്ക്ഡൗണുകളും ഗതാഗത കുരുക്കുകളുമാണ് AA റോഡ് വാച്ചിന് പരിഹരികേണ്ടി വന്നത്. ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ, ലിമെറിക്ക് നഗരങ്ങള്‍ ഈ ആഴ്ച തിരക്കിന്റെ പാരമ്യത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്.

ഇത്തവണ യാത്രക്കാരുടെ എണ്ണത്തില്‍ ഇത്തവണ റിക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ കണക്കുകൂട്ടുന്നത്. ക്രിസ്മസ് സീസണില്‍ പത്ത് ലക്ഷത്തിലേറെ യാത്രക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 94,000 യാത്രക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഇരു ടെര്‍മിനലുകളിലൂടെയും കടന്നുപോയതായി അധികൃതര്‍ സൂചിപ്പിച്ചു. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഡബ്ലിന്‍ എയര്‍പോര്‍ട്ട് വിവിധ ദീപാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരിക്കുകയാണ്. ഇത് കൂടാതെ അയര്‍ലണ്ടില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കു ചേരാന്‍ എത്തുന്ന വിദേശികളുടെ എണ്ണവും കൂടുതലാണെന്നു എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിക്കുന്നു.

ക്രിസ്മസ് സീസണോടനുബന്ധിച്ച് ഡ്രിങ്ക് ഡ്രൈവിങ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചെറിയ തോതിലുള്ള മദ്യപാനം പോലും ഒരാളുടെ ഡ്രൈവിങിനെ ബാധിക്കുമെന്നും ഇതില്‍ സ്ത്രീ പുരുഷ ഭേദമില്ലെന്നും റോഡ് സേഫ്റ്റി അധികൃതര്‍ അറിയിച്ചു. ഈ മാസം ആദ്യ പകുതിയില്‍ തന്നെ നാന്നൂറോളം ഡ്രൈവര്‍മാരെയാണ് മദ്യപിച്ച് വാഹമോടിച്ചതിന് ഗാര്‍ഡയുടെ പിടിയിലായത്. തലേദിവസത്തെ ആഘോഷം കഴിഞ്ഞു വരുന്നവരെപോലും കുടുക്കുന്ന രീതിയിലാണ് പുതിയ ഡ്രിങ്ക് ഡ്രൈവിങ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. രാവിലത്തെ ഹാംഗ് ഓവര്‍ പോലും ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് കവിഞ്ഞതാകുന്ന തരത്തില്‍ പല കേസുകളും പിടിക്കപ്പെട്ടിട്ടുണ്ടെന്നും ക്രിസ്മസിനോടനുബന്ധിച്ച് ഇത്തരം പരിശോധനകള്‍ രാവിലെ മുതല്‍ തുടങ്ങുമെന്നുമാണ് ഗാര്‍ഡ അറിയിപ്പ്. ഏറ്റവും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത് രാത്രി 11 മുതല്‍ പുലര്‍ച്ചെ 4 മണി വരെയുള്ള സമയത്താണ്. ലൈസന്‍സ് റദ്ദാക്കല്‍ വരെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗാര്‍ഡയ്ക്ക് അധികാരം നല്‍കിയിട്ടുണ്ട്. 100 ml രക്തത്തില്‍ 50mg ആല്‍ക്കഹോളാണ് അനുവദിച്ചിരിക്കുന്ന അളവ്.

ഡികെ

Share this news

Leave a Reply

%d bloggers like this: