ആശുപത്രി ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 12,000 ആകും. എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ കടുത്ത തിരക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിവിധ ആശുപത്രികളിലായി ട്രോളിയില്‍ തുടരുന്നവരുടെ എണ്ണത്തില്‍ ജനുവരിയോടെ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ ക്രിസ്മസ് സീസണില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 3.7 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ ജനുവരിയോടെ ട്രോളിയില്‍ കഴിയേണ്ടി വരുന്ന രോഗികളുടെ എണ്ണം 12,000 ആയി വര്‍ധിക്കുമെന്നാണ് കരുതുന്നത്. ക്രിസ്മസ് പ്രതിസന്ധി മുന്നില്‍കണ്ട് HSE യ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ജനറല്‍ പ്രാക്റ്റീഷണേഴ്സ് അസോസിയേഷന്‍ (NAGP) കുറ്റപ്പെടുത്തി.

ആരോഗ്യമേഖലയില്‍ കൂടുതല്‍ തുക ചിലവഴിക്കുന്ന രാജ്യമെന്ന പേരുണ്ടെങ്കിലും ശൈത്യകാലത്ത് നാം തീര്‍ത്തും പരാജയമാണെന്ന് NAGP ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഗൂഡി പ്രസ്താവിച്ചു. തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ടുള്ള നാമമാത്രമായ പരിഹാരമല്ല, മറിച്ച് അയര്‍ലണ്ടിലെ ആരോഗ്യമേഖലയെ പുതുക്കിപ്പണിയുന്ന രീതിയിലുള്ള മാറ്റമാണ് വരേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വെള്ളിയാഴ്ച ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ആരോഗ്യവിദഗ്ദരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആശുപത്രിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു.കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ തുടങ്ങിയ ഇടങ്ങളില്‍ വിന്റര്‍ ക്ലിനിക്കുകള്‍ തുറന്നിട്ടുണ്ട്.

എമര്‍ജന്‍സി വാര്‍ഡുകളിലാണ് ഇത്രയധികം രോഗികള്‍ ബെഡിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷമായി ആരോഗ്യ രംഗത്ത് തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ വേണ്ട രീതിയില്‍ കൈകൊള്ളാത്തതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. അതോടൊപ്പം നേഴ്‌സ്മാരുടെയും മിഡൈ്വഫുമാരുടെയും അഭാവവും ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ആവശ്യത്തിനു നേഴ്സുമാരില്ലെന്നും ആവശ്യത്തിനു ബെഡുകള്‍ ഇല്ലെന്നതും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. തീര്‍ത്തും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് പല രോഗികളും കഴിയുന്നത്. കിടക്കയുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം ആശുപത്രി സ്റ്റാഫുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകണം. നേഴ്സുമാരുടെ നിയമനത്തിനും അവരെ നിലനിര്‍ത്തുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പുതിയ നേഴ്സുമാരുടെ കാര്യം മാത്രമല്ല പ്രവര്‍ത്തിപരിചയമുള്ള നേഴ്സുമാര്‍ ഇതിലും നല്ല ജോലിക്കുവേണ്ടി രാജ്യത്തുനിന്നുതന്നെ പോകുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ആരോഗ്യ രംഗത്ത് സമഗ്രമായ അഴിച്ചു പണി ആവശ്യപ്പെട്ടുകൊണ്ട് രോഗികളും വിവിധ സന്നദ്ധ സംഘടനകളും വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന സൂചനയാണ് ഐഎന്‍എംഒ ഉള്‍പ്പെടെയുള്ള ആരോഗ്യ സംഘടനകളില്‍ നിന്നും ലഭിക്കുന്നത്. HSE ല്‍ വ്യാപകമായ അഴിച്ചുപണി അനിവാര്യമാണെന്ന ആവശ്യവും ശക്തമാണ്. അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്സുമാര്‍ ജനുവരിയില്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ ഗവണ്‍മെന്റുമായി കഴിഞ്ഞ നാളുകളില്‍ നടത്തിയ ചര്‍ച്ചകളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനമായത്. 90 ശതമാനം നേഴ്സുമാരുടെ പിന്തുണയും ഉണ്ട്.

 

എ എം

Share this news

Leave a Reply

%d bloggers like this: