ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷത്തില്‍. ഏവര്‍ക്കും റോസ് മലയാളത്തിന്റെ ക്രിസ്മസ് ആശംസകള്‍

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും ആഘോഷത്തിമിര്‍പ്പില്‍ നിറയുന്ന അപൂര്‍വാവസരങ്ങളില്‍ ഒന്നുകൂടിയാണിത്. തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ പുതുക്കി അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ഥനാചടങ്ങുകള്‍ നടന്നു. നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും നിരവധി വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ലളിതജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പട്ടിണി കിടക്കുന്നവരെ മറക്കരുതെന്നും മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.

സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന ക്രിസ്മസ് രാവ് പൂര്‍ണ്ണത തേടിയുള്ള യാത്ര തുടങ്ങാനുള്ള സമയമാണ്. ജീവനും ശക്തിയും ഓജസ്സും തേജസ്സുമുള്ള അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യം. ഇക്കാര്യത്തില്‍ നിഷ്‌ക്കളങ്കനായ ക്രിസ്തുവിനെ തേടിയെത്തിയ ആട്ടിടയന്‍മാരായി നമുക്കു മാറാം. മുറിഞ്ഞു മുറിഞ്ഞു കത്തുന്ന ഒരോ ക്രിസ്മസ് വിളക്കുകളും നന്‍മയേയും സന്തോഷത്തെയും സമാധാനത്തെയും പ്രകാശിപ്പിക്കുന്ന വിളക്കുകള്‍ തന്നെയാണ്.

ലോകം സമ്പന്നതയുടെ നെറുകയിലേക്ക് കുതിക്കുമ്പോള്‍, ഒന്നുമില്ലായ്മയിലൂടെ ജീവിതം തള്ളിനീക്കുന്നവരും ഇവിടെ തിങ്ങിനിറയുകയാണ്. ശതാബ്ദത്തിലെ മഹാപ്രളയത്തില്‍ ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ജീവനുവേണ്ടി കരഞ്ഞപേക്ഷിച്ച കാഴ്ച നമ്മുടെ കൊച്ചുകേരളം ലോകത്തിന് കാട്ടിക്കൊടുത്തിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പങ്കുവക്കലിന്റെ ജീവിതപാഠങ്ങള്‍ മലയാളി പഠിച്ച മഹാപരീക്ഷണശാല.

ക്രിസ്മസ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും ദിനമാണ്. മഞ്ഞ് ഈറനണിയിക്കുന്ന രാവില്‍ സ്നേഹത്തിന്റെ പ്രതീകമായ ദൈവപുത്രന്റെ തിരുപ്പിറവിയുടെ ഓര്‍മകള്‍ പ്രത്യാശയുടെ സന്ദേശമാണ് നല്‍കുന്നത്. യഥാര്‍ത്ഥ സന്തോഷവും സമാധാനവും രക്ഷകനൊപ്പം പിറവിയെടുത്ത ദിനം. ജീവിത മൂല്യങ്ങളെയും ജീവിത നിലപാടുകളേയും കാത്തു സൂക്ഷിക്കാനും നന്‍മയിലൂടെയും പങ്കുവയ്ക്കലുകളിലൂടെയും പരസ്പരം സ്നേഹിക്കാനുമാണ് ക്രിസ്മസ് പഠിപ്പിക്കുന്നത്.

ദൈവപുത്രന്റെ തിരുപ്പിറവി മാനവികതയുടെ നിറദീപങ്ങളായി നമ്മെ നയിക്കട്ടെ എന്നാശംസിക്കുന്നു. റോസ് മലയാളത്തിന്റെ എല്ലാ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അനുഗ്രഹ ദായകമായ ക്രിസ്തുമസ് മംഗളങ്ങള്‍ നേരുന്നു.

Share this news

Leave a Reply

%d bloggers like this: