നിങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ ജോലിത്തിരക്കിലാണ്; ആരോഗ്യമേഖലയിലെ ദുരിതം ഓര്‍മിപ്പിച്ച് നേഴ്സുമാര്‍

നാടെങ്ങും ക്രിസ്മസ് ആഘോഷത്തില്‍ മുഴുകുമ്പോള്‍ അയര്‍ലണ്ടിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, മറ്റു ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും കടുത്ത ജോലിഭാരത്തിന്റെയും സമ്മര്‍ദത്തിന്റെയും ദിനങ്ങളാണ് കടന്നുപോകുന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ക്രിസ്മസ് പുതുവത്സര സീസണില്‍ അവധി നല്‍കാതെ പണിയെടുപ്പിക്കുന്നതില്‍ കനത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ആശുപത്രി ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കരുതെന്ന പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ നിര്‍ദേശത്തിനെതിരെ #WeAreWorking, #ImAtWorkLeo എന്നീ ഹാഷ്ടാഗുകളില്‍ ട്വിറ്ററിലും, ഫേസ്ബുക്കിലും ഉള്‍പ്പടെ നിരവധി പ്രതിഷേധ പ്രതികരണങ്ങളാണ് നിറയുന്നത്.

എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി ചെയ്യുന്നവരും നഴ്സുമാര്‍ക്കും ലീവ് അനുവദിക്കരുതെന്ന് ആരോഗ്യ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ജനുവരി ആദ്യവാരം വരെയെങ്കിലും അയര്‍ലണ്ടിലെ ആരോഗ്യരംഗം രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതിന് പുറമെ അമിതജോലിഭാരവും കുറഞ്ഞ വേതനവും തൊഴില്‍സുരക്ഷിതത്വമില്ലായ്മയുമൊക്കെയായി നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ദുരിതത്തിലായിരുന്നു. ക്രിസ്മസ് സീസണ്‍ മുന്നില്‍കണ്ട് പ്രധാനമന്ത്രി എന്തുകൊണ്ട് ആരോഗ്യ മന്ത്രിക്ക് മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയില്ല എന്ന് വരേദ്കറിനെതിരെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

വൈകിയുള്ള വിന്റര്‍ പ്ലാന്‍ പോലും അപര്യാപതമായിരുന്നുവെന്നും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നു. യഥാര്‍ത്ഥ പ്രശ്നങ്ങളെയും അതിന്റെ കാരണങ്ങളെയും മറന്നാണ് ഈ വിന്റര്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. വളരെ നേരത്തെ നടപ്പാക്കേണ്ടിയിരുന്ന പദ്ധതികള്‍ അവസാന നിമിഷത്തില്‍ കൊണ്ടുവരാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. രാജ്യത്ത് കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരുടെ എണ്ണത്തിലും വന്‍ കുറവാണ് നേരിടുന്നത്. ആശുപത്രിയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ ജീവനക്കാരെ ചൂഷണം ചെയ്യുന്ന നടപടി മന്ത്രി ലിയോ വരേദ്കറിനെ പുതിയ വിവാദത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്.

ആരോഗ്യ രംഗത്ത് സമഗ്രമായ അഴിച്ചു പണി ആവശ്യപ്പെട്ടുകൊണ്ട് രോഗികളും വിവിധ സന്നദ്ധ സംഘടനകളും വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന സൂചനയാണ് ഐഎന്‍എംഒ ഉള്‍പ്പെടെയുള്ള ആരോഗ്യ സംഘടനകളില്‍ നിന്നും ലഭിക്കുന്നത്. HSE ല്‍ വ്യാപകമായ അഴിച്ചുപണി അനിവാര്യമാണെന്ന ആവശ്യവും ശക്തമാണ്. അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്‌സുമാര്‍ ജനുവരിയില്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ആയിരക്കണക്കിന് രോഗികള്‍ ഈ ശൈത്യകാലത്ത് ട്രോളികളില്‍ ചികിത്സ തേടേണ്ടി വരുമെന്നാണ് ആരോഗ്യ സുരക്ഷാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ അതിനാവശ്യമായ സ്റ്റാഫുകളുടെ റിക്രൂട്ട്‌മെന്റുകളും, കിടക്കകളുടെയും അഭാവം ദുരിതപൂര്‍വമായ അവസ്ഥയിലേക്കാണ് ഈ വിന്റര്‍ സീസണില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിയുന്നതോടെ നേഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും ജോലി ഇരട്ടിയായിട്ടുണ്ട്. ക്രിസ്മസ് അവധിക്ക് നാട്ടിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്തിരുന്ന മലയാളി നഴ്സുമാര്‍ക്കും ജോലിത്തിരക്കുകള്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: