അയര്‍ലണ്ടില്‍ 2018 ല്‍ മീസില്‍സ് കേസുകള്‍ വര്‍ധിച്ചതായി പഠനം; ജാഗ്രത നിര്‍ദ്ദേശം നല്‍കി ആരോഗ്യവിദഗ്ധര്‍

ഡബ്ലിന്‍: ഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മീസില്‍സ് കേസുകള്‍ പതിവിലേറെ വര്‍ധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം ഡിസംബര്‍ 7 വരെ 85 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2017 ല്‍ 25 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നിടത്ത് നിന്ന് ഇത്രയും വര്‍ധനവ് രേഖപ്പെടുത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു. പ്രതിരോധ കുത്തിവയ്പെടുത്താല്‍ ഫലപ്രദമായി തടയാവുന്ന അസുഖമാണിത്. കുത്തിവയ്പെടുക്കുന്നതില്‍ വന്ന കുറവാണ് രോഗബാധ വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞവര്‍ക്ക് രോഗം പെട്ടെന്ന് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

യൂറോപ്പില്‍ മുഴുവന്‍ വ്യാപകമായിരുന്ന മീസല്‍സില്‍ നിന്നും കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡ് രക്ഷ നേടിയിരുന്നു. എന്നാല്‍ ഇത്തവണ മീസില്‍സ് പിടിപെട്ടവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ല്‍ യുറോപ്പിലൊട്ടാകെ 41,000 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആദ്യ ആറ് മാസത്തില്‍ മീസില്‍സ് പിടിപെട്ടുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 72 മരണങ്ങളും യൂറോപ്പില്‍ ഇതിനോടനുബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2017ല്‍ ഉണ്ടായതിന്റെ ഇരട്ടിയിലധികമാണിത്.

ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും എം.എം.ആര്‍ കുത്തിവെയ്പ്പ് നടത്തണമെന്ന് ഐറിഷ് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറത്ത് വിട്ടിരുന്നു. രോഗലക്ഷങ്ങള്‍ ഉള്ളവര്‍ സ്‌കൂളിലോ ജോലി സ്ഥലങ്ങളിലോ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്. രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് അയര്‍ലണ്ടില്‍ നിന്നും തന്നെയാവാം രോഗബാധയേറ്റത് എന്ന് ആരോഗ്യ വകുപ്പ് കണക്കാക്കുന്നു. അങ്ങനെയെങ്കില്‍ രോഗം മറ്റു പലരിലേക്കും വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്.

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചക്കകം രോഗ ലക്ഷണങ്ങള്‍ ആരംഭിക്കും. ശരീരം മുഴുവന്‍ നിറം മാറി ചുവന്ന പാടുകള്‍ കാണപ്പെടുന്നത് അഞ്ചാം പനിയുടെ സാധാരണ ലക്ഷണങ്ങളില്‍ ഒന്ന് ആണ്. കണ്ണ് ചുവക്കുക, കഫം നിറയുക, പനി, പേശി വേദന, വായുടെ ഉള്ളില്‍ വെള്ള നിറത്തിലുള്ള പൊട്ടുകള്‍ രൂപപ്പെടുക തുടങ്ങിയവയാണ് അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍. രോഗ ലക്ഷണമുള്ളവര്‍ ആരോഗ്യ വിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് എച്.എസ്.ഇ അറിയിച്ചു. രോഗം പിടിപെടുന്നവര്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാനും മുന്നറിയിപ്പ് ഉണ്ട്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: