മനുഷ്യരോഗങ്ങളുടെ ഭീതിയില്‍ അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിനുകള്‍

മനുഷ്യനില്‍ നിന്ന് മറ്റ് ജീവികളിലേക്ക് വ്യാപിക്കുന്ന ബാക്റ്റീരിയകള്‍ അന്റാര്‍ട്ടിക്കയിലെ ജന്തുവിഭാഗങ്ങളെ ബാധിക്കുന്നില്ലെന്നായിരുന്നു ശാസ്ത്രജ്ഞരുടെ വിശ്വാസം. ആ നിഗമനത്തെ തകിടം മറിക്കുന്ന വര്‍ത്തയാണിപ്പോള്‍ ശാസ്ത്രലോകം കേട്ടത്. തെളിവുകളടക്കമാണ് മനുഷ്യശരീരത്തില്‍ നിന്ന് ബാക്റ്റീരിയകള്‍ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പെന്‍ഗ്വിനുകളെ ബാധിക്കുന്നതായി കണ്ടെത്തിയത്. റിവേഴ്സ് സൂനോസിസ് (reverse zoonosis) അഥവ മനുഷ്യനില്‍ നിന്ന് ബാക്ടീരിയ മൃഗങ്ങളിലേക്ക് പകരുന്ന വാര്‍ത്തകള്‍ അന്റാര്‍ട്ടിക്കയില്‍ അങ്ങിങ്ങായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുരുതരമായ വിഷയമായി ഇതിനെ കാണുന്നതും സജീവമായ പഠനം നടക്കുന്നതും ഇതാദ്യമായാണ്. കടല്പക്ഷികളുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ ഇവ ബാധിക്കുന്നതായാണ് റിപോര്‍ട്ടുകള്‍.

”തെക്കന്‍ സമുദ്രഭാഗങ്ങളില്‍ ഗൗരവമായ പഠനം ആദ്യമായി നടന്നതും ഫലം പുറത്തുവന്നതും ഞെട്ടലുണ്ടാക്കി. റിവേഴ്സ് സൂനോസിസ് അന്റാര്‍ട്ടിക്കയില്‍ വ്യാപിക്കുകയാണ്”- ജേക്കബ് സോലിസ് (Jacob Solis- ഗവേഷകന്‍, ബാഴ്സലോണ സര്‍വകലാശാല) പെന്‍ഗ്വിന്‍, ബ്രൗണ്‍ സ്‌കുവസ്, കെല്‍പ് ഗള്‍ എന്നീ പക്ഷികളിലാണ് മനുഷ്യനില്‍ കാണുന്ന ബാക്റ്റീരിയകളായ ക്യാമ്പയ്ലൊബാക്ടര്‍ (campylobacter), സാല്‍മൊണല്ല (salmonella) എന്നിവയുടെ സാന്നിധ്യമുളളത്. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റ് (Science of the total enivironment) മാസികയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

നാല് മേഖലകളില്‍ നിന്നായി 600ലധികം പക്ഷികളുടെ വിസര്‍ജ്യം ശേഖരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ മൂന്ന് മേഖലകളില്‍ റിവേഴ്സ് സൂനോസിസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. അമേരിക്കയിലും യൂറോപ്പിലും മനുഷ്യരില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ക്യാമ്പയ്ലോബാക്ടര്‍ ജെജുനി ബാക്റ്റീരിയയുടെ സാന്നിധ്യം ഈ പക്ഷികളില്‍ കാണാനായി. എന്നാല്‍ മനുഷ്യരില്‍ സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളോടും വെറ്ററിനറി ആന്റിബയോട്ടിക്കുകളോടും ഇവ ചെറുത്തുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. മൃഗങ്ങളില്‍ ഈ ബാക്റ്റീരിയ ബാധ വഴി ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും കൂടുതല്‍ ബാക്റ്റീരിയകള്‍ മൃഗങ്ങളുടെ ശരീരത്തില്‍ കടന്നുകൂടാനുള്ള സാധ്യതയാണ് ഇവ ഒരുക്കുക. സന്ദര്‍ശക നിയന്ത്രണമാണ് ഏക പോംവഴിയായി ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണം കുത്തനെ കൂടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് അന്റാര്‍ട്ടിക്ക

 

 

എ എം

Share this news

Leave a Reply

%d bloggers like this: