സെല്‍ഫ് ഡ്രൈവിംഗ് കാര്‍: യൂറോപ്പിലെ പേറ്റന്റ് അപേക്ഷകരില്‍ മുമ്പന്‍ സാംസംഗ്

സെല്‍ഫ് ഡ്രൈവിംഗ് കാറുകളുമായി ബന്ധപ്പെട്ട് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചത് സാംസംഗ് ഇലക്ട്രോണിക്സ്. പരമ്പരാഗത വാഹന നിര്‍മ്മാതാക്കളെ കടത്തിവെട്ടിയാണ് സാംസംഗ് ഒന്നാമനായത്. 2011-2017 കാലയളവില്‍ യൂറോപ്പില്‍ 624 പേറ്റന്റ് ഫയലിംഗാണ് സാംസംഗ് ഇലക്ട്രോണിക്സ് നടത്തിയത്. ഐടി രംഗത്തെ അമേരിക്കന്‍ ഭീമനായ ഇന്റല്‍ കോര്‍പ്പറേഷന്‍ 590 പേറ്റന്റ് അപേക്ഷകളും അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോം 361 പേറ്റന്റ് അപേക്ഷകളും സാംസംഗിന്റെ ദക്ഷിണ കൊറിയന്‍ എതിരാളിയായ എല്‍ജി ഇലക്ട്രോണിക്സ് 348 പേറ്റന്റ് അപേക്ഷകളും ജര്‍മ്മന്‍ എന്‍ജിനീയറിംഗ് കമ്പനിയായ ബോഷ് 343 പേറ്റന്റ് അപേക്ഷകളും ഫയല്‍ ചെയ്തു.

സെല്‍ഫ് ഡ്രൈവിംഗ് കാറുകളുമായി ബന്ധപ്പെട്ട് 2017 ല്‍ 3,998 അപേക്ഷകള്‍ ലഭിച്ചതായി യൂറോപ്യന്‍ പേറ്റന്റ് ഓഫീസ് അറിയിച്ചു. 2011 ല്‍ ലഭിച്ചത് 922 അപേക്ഷകള്‍ മാത്രമാണ്. താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് മടങ്ങിലധികം വര്‍ധന. പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാരില്‍ ബോഷ്, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, കോണ്ടിനെന്റല്‍ എന്നീ മൂന്ന് കമ്പനികള്‍ മാത്രമാണ് വാഹന വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ പരമ്പരാഗത വാഹന നിര്‍മ്മാതാക്കളെ പിന്തള്ളുകയാണ് ഐടി, കമ്യൂണിക്കേഷന്‍ കമ്പനികള്‍.

രാജ്യം/യൂറോപ്പ് തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ആകെ പേറ്റന്റുകളില്‍ 37.2 ശതമാനം യൂറോപ്പ് കയ്യടക്കിയിരിക്കുന്നു. അമേരിക്ക-33.7 ശതമാനം, ജപ്പാന്‍-13 ശതമാനം, ദക്ഷിണ കൊറിയ-7 ശതമാനം, ചൈന-3 ശതമാനം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ പ്രകടനം.

അതേസമയം, സെല്‍ഫ് ഡ്രൈവിംഗ് അനുബന്ധ പേറ്റന്റുകളുടെ കണക്ക് കൊറിയ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടു. ദക്ഷിണ കൊറിയയില്‍ 2008-2017 കാലയളവില്‍ അനുബന്ധ പേറ്റന്റുകള്‍ക്കായി ഏറ്റവും കൂടുതല്‍ അപേക്ഷ സമര്‍പ്പിച്ചത് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയാണ്. 981 എണ്ണം. ഹ്യുണ്ടായ് മൊബിസ് 686 അപേക്ഷകളും മാന്‍ഡോ കോര്‍പ്പറേഷന്‍ 564 അപേക്ഷകളും എല്‍ജി ഇലക്ട്രോണിക്സ് 293 അപേക്ഷകളും ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 238 അപേക്ഷകളും സമര്‍പ്പിച്ചു.

Share this news

Leave a Reply

%d bloggers like this: