പൂര്‍ണ്ണ രക്തചന്ദ്രന്‍ ജനുവരിയില്‍ അയര്‍ലണ്ടില്‍ ദൃശ്യമാകും

ഡബ്ലിന്‍: ഇത്തവണത്തെ സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം ജനുവരി 21 ന് അയര്‍ലണ്ടിന്റെ മാനത്ത് ദൃശ്യമാകും. ചന്ദ്രനെ ചുവന്ന നിറത്തില്‍ കാണുന്നതും പൂര്‍ണരൂപത്തില്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി കാണുന്നതുമായ ചന്ദ്രഗ്രഹണമാണ് സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം. ഈ വര്‍ഷം കഴിഞ്ഞാല്‍ 2021 മേയ് 26 വരെ ഇതിനായി കാത്തിരിക്കേണ്ടി വരും. അയര്‍ലണ്ടില്‍ അഞ്ച് മണിക്കൂര്‍ 12 മിനിറ്റ് വ്യക്തമായി ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും.

പൂര്‍ണ ചന്ദ്ര ഗ്രഹണത്തിനിടെ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും സൂര്യപ്രകാശം ചന്ദ്രനില്‍ നേരിട്ട് പതിക്കുന്നത് തടസപ്പെടുത്തുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഭൂമിയുടെ അരികുകളിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുമ്പോള്‍ ചന്ദ്രന്‍ ചുവന്ന നിറത്തില്‍ ദൃശ്യമാവുന്നു. ഇങ്ങനെയാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍ ഉണ്ടാവുന്നത്.

പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയിലാണ് വരിക. പൂര്‍ണചന്ദ്രന്‍ ഉള്ളപ്പോള്‍ മാത്രമേ ചന്ദ്രഗ്രഹണവും സംഭവിക്കൂ. ചന്ദ്രന്‍ ഭൂമിയ്ക്ക് അടുത്തുവരികയും കൂടുതല്‍ വലിപ്പത്തിലും പ്രകാശത്തിലും ദൃശ്യമാവുന്നതിനെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്. ശൈത്യകാലത്ത് ദൃശ്യമാവുന്ന പൂര്‍ണ ചന്ദ്രനെ വോള്‍ഫ് മൂണ്‍ എന്നാണ് അമേരിക്കക്കാര്‍ വിളിക്കാറ്. ഈ രണ്ട് പ്രതിഭാസങ്ങളുടേയും സംയോജനമാണ് ഈ വര്‍ഷം നടക്കുക.

ജനുവരി 21 തിങ്കളാഴ്ച പുലര്‍ച്ചെ 2.36 മണിക്കാണ് ചന്ദ്രഗ്രഹണം ആരംഭിക്കുക, 7.48 വരെ ഇത് നീണ്ടുനില്‍ക്കും. ഭൂരിഭാഗം ഏഷ്യന്‍ രാജ്യങ്ങളിലും ഈ കാഴ്ചകാണാനാവില്ല. കിഴക്കന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭാഗികമായി ഗ്രഹണം കാണാനാവൂ. അതേസമയം അമേരിക്ക, ഗ്രീന്‍ലാന്‍ഡ്, ഐസ് ലാന്‍ഡ്, പശ്ചിമ യൂറോപ്പ്, പശ്ചിമ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് പൂര്‍ണമായും കാണാം.

എ എം

Share this news

Leave a Reply

%d bloggers like this: