അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള സ്ഥലമായി കൗണ്ടി കോര്‍ക്കിലെ ഫെര്‍മൊയ്

കോര്‍ക്ക്: അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള സ്ഥലം എന്ന പദവി ഇനി കൗണ്ടി കോര്‍ക്കിലെ ഫെര്‍മൊയ്ക്ക് സ്വന്തം. കഴിഞ്ഞ വര്‍ഷം ഈ സ്ഥാനത്തിന് അര്‍ഹമായ എന്നീസിന് ഇത്തവണ ഇരുപത്തിരണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് മുകളില്‍ ശുചിത്വമുള്ള സ്ഥലമാണെന്ന് കണ്ടെത്തിയതിനാലാണ് ഫെര്‍മൊയ് ഈ അവാര്‍ഡിന് അര്‍ഹത നേടിയത്.

ബിസിനസ്സ് ഗ്രുപ്പായ ഐറിഷ് ബിസിനസ് അഗൈനിസ്റ്റ് ലിറ്റര്‍ (IBAL) നടത്തിയ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സര്‍വേയിലാണ് ശുചിത്വമുള്ള സ്ഥലത്തെ കണ്ടെത്തിയത്. എന്നീസിന് 40000 യൂറോ പാരിതോഷം ലഭിക്കും. 2007 ലും ഫെര്‍മൊയ് ടൗണ്‍ ഈ അംഗീകാരത്തിന് അര്‍ഹത നേടിയിരുന്നു. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം എന്ന പദവി വാട്ടര്‍ഫോര്‍ഡ് നിലനിര്‍ത്തി.

നാല്പതോളം ടൗണുകളും നഗരങ്ങളും പഠനത്തിന് വിധേയമാക്കിയിരുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ യാതൊരുവിധ വൃത്തിഹീനതയും ഈ സ്ഥലത്ത് കണ്ടെത്താന്‍ കഴിയില്ല. നഗരത്തിന്റെ മനോഹാരിത നിലനിര്‍ത്തിക്കൊണ്ടുള്ള പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഫെര്‍മോയുടെ മാത്രം പ്രത്യേകതയായി IBAL വിധികര്‍ത്താക്കള്‍ കണ്ടെത്തി.

അത്‌ലോണ്‍, കില്ലര്‍ണീ ടൗണുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. കോര്‍ക്കിലെ ഐറിഷ് ട്രീ സെന്റര്‍ രണ്ടും മുന്നും സ്ഥാനക്കാര്‍ക്ക് നോര്‍വേ മാപ്പിള്‍ മരങ്ങള്‍ സമ്മാനിക്കും. അതേസമയം പട്ടികയില്‍ ഏറ്റവും അവസാനക്കാരായത് ഗാല്‍വേ സിറ്റിയിലെ ബല്ലിബെയ്ന്‍, ഡബ്ലിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റി എന്നിവിടങ്ങളാണ്. അടിയന്തിരമായി പരിഹരിക്കേണ്ട മലിനീകരണ പ്രശ്‌നങ്ങള്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: