ആവശ്യം കഴിഞ്ഞാല്‍ ചുരുട്ടിവെക്കാം; ലോകത്തെ ആദ്യ റോളബിള്‍ ഓഎല്‍ഇഡി ടിവിയുമായി എല്‍ജി

ആവശ്യം കഴിഞ്ഞാല്‍ ചുരുട്ടി വെക്കാവുന്ന ലോകത്തെ ആദ്യ റോളബിള്‍ ഓഎല്‍ഇഡി ടിവി അവതരിപ്പിച്ച് മുന്‍നിര ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിലൊന്നായ എല്‍ജി. ലാസ് വെഗാസില്‍ നടക്കുന്ന ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ ( സി.ഇ.എസ് 2019) യിലാണ് തിങ്കളാഴ്ച 65 ഇഞ്ച് വലിപ്പമുള്ള സിഗ്‌നേച്ചര്‍ ഓഎല്‍ഇഡി ടിവി ആര്‍ അവതരിപ്പിച്ചത്. ആവശ്യം കഴിഞ്ഞാല്‍ ഒരു പെട്ടിക്കുള്ളിലേക്ക് ചുരുണ്ടു പോവും വിധമാണ് ഇതിന്റെ രൂപകല്‍പന. ഈ വര്‍ഷം തന്നെ ടിവി വിപണിയിലെത്തും.

സാധാരണ ടിവിയ്ക്ക് വേണ്ടി മാറ്റി വെക്കുന്ന ഭിത്തി മറ്റെന്തിനെങ്കിലും വേണ്ടി ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ കൊണ്ടു നടക്കാനും സൗകര്യമാണ്. ഓഎല്‍ഇഡി സാങ്കേതിക വിദ്യ വികസിപ്പിക്കപ്പെടുന്നതിന് മുമ്പ് സാധ്യമല്ലാതിരുന്ന പലതും എല്‍ജി സിഗ്‌നേച്ചര്‍ ഓഎല്‍ഇഡി ടിവി ആറിന്റെ പുതിയ ടെലിവിഷന്‍ സ്‌ക്രീനുപയോഗിച്ച് സാധ്യമാണ്. ഫുള്‍ വ്യൂ, ലൈന്‍ വ്യൂ, സീറോ വ്യൂ എന്നിങ്ങനെ മൂന്ന് രീതിയില്‍ ടിവി ഉപയോഗിക്കാം.

ടിവിയുടെ സ്‌ക്രീന്‍ മുഴുവനായും തുറന്ന് ഉപയോഗിക്കുന്നതാണ് ഫുള്‍ വ്യൂ. എല്‍ജിയുടെ നിര്‍മിത ബുദ്ധി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവി ശ്രേണിയിലെ ഈ വര്‍ഷത്തെ പുതിയ അംഗമമാണ് ഇത്. ആമസോണ്‍ അലെക്സ ഉപയോഗിച്ച് ശബ്ദ നിര്‍ദേശങ്ങളിലൂടെ ടിവി നിയന്ത്രിക്കാം. ആപ്പിളിന്റെ എയര്‍പ്ലേ 2 ഉം ഹോം കിറ്റും ഇതില്‍ ഉപയോഗിക്കാം. ഇതുവഴി ഹോം ആപ്പ് ഉപയോഗിച്ചോ ആപ്പിള്‍ സിരി ഉപയോഗിച്ചോ ടിവി നിയന്ത്രിക്കാം.

ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമായി ടെലിവിഷന്‍ സ്‌ക്രീന്‍ പൂര്‍ണമായും തുറക്കാതെ ഉപയോഗിക്കുന്നതാണ് ലൈന്‍ വ്യൂ. ഉദാഹരണത്തിന്, ക്ലോക്ക്, ഫ്രെയിം, മൂഡ്, മ്യൂസിക്, പോലുള്ള ആവശ്യങ്ങള്‍ക്കായി ലൈന്‍ വ്യൂ സൗകര്യം പ്രയോജനപ്പെടുത്താം.

സിറോ വ്യൂവില്‍ സ്‌ക്രീന്‍ പൂര്‍ണമായും അതിന്റെ പെട്ടിക്കകത്തേക്ക് താഴ്നിരിക്കും. സ്‌ക്രീനിന്റെ ആവശ്യമില്ലാത്ത സമയത്ത് ഇങ്ങനെ വെക്കാം. അതേസമയം തന്നെ പാട്ടുകള്‍ കേള്‍ക്കാനും മറ്റ് ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിക്കാനും സാധിക്കും. 4.2 ശബ്ദസംവിധാനമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. 100 വാട്സിന്റെ ഫ്രണ്ട് ഫയറിങ് ഡോള്‍ബി അറ്റ്മോസ് ഓഡിയോ സംവിധാനമാണിതില്‍.

Share this news

Leave a Reply

%d bloggers like this: