ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം ഹര്‍ത്താലായി; പലയിടത്തും ജനജീവിതം തടസ്സപ്പെട്ടു

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പൊതുപണിമുടക്കിന്റെ ആദ്യ ദിനം പലയിടങ്ങളിലും ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു. ചുരുക്കം ചില നഗരങ്ങളിലൊഴികെ ഗ്രാമപ്രദേശങ്ങളിലെല്ലാം കടകള്‍ അടഞ്ഞ് കിടുന്നു. സ്വകാര്യ വാഹനങ്ങള്‍ പോലും തടയുന്ന സാഹചര്യമുണ്ടായി. ടൂറിസ്റ്റ് മേഖലയെ അടക്കം പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും യാത്ര പോയ ഓട്ടോറിക്ഷകളെ അടക്കം പലയിടങ്ങളിലും തടഞ്ഞു. ചിലയിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞത് ട്രെയിന്‍ ഗതാഗതത്തേയും താറുമാറാക്കി.

കൊച്ചിയില്‍ പണിമുടക്കിന്റെ ആദ്യ ദിനം വ്യവസായ മേഖലയെല്ലാം അടഞ്ഞ് കിടുന്നു. ചില ജീവനക്കാര്‍ ജോലിക്കെത്തിയെങ്കിലും അവരെ സമരാനുകൂലികള്‍ എത്തി തടഞ്ഞു. തിരുവനന്തപുരത്ത് പോലെ കൊച്ചിയിലും കെ.എസ്.ആര്‍.ടി.സിയുടെ പമ്പ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും ഓടിയില്ല. പ്രധാന കടകളെല്ലാം അടഞ്ഞുതന്നെ കിടന്നു. ബ്രോഡ്വേയില്‍ ചില കടകള്‍ തുറന്നുവെങ്കിലും ചിലത് വേഗം അടച്ചു. ഇവിടെ ജില്ലാ കളക്ടര്‍ നേരിട്ടെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. ആവശ്യമെങ്കില്‍ സംരക്ഷണം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മലപ്പുറം മഞ്ചേരിയില്‍ സമരാനുകൂലികളും കടയുടമകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കടകള്‍ തുറന്നാല്‍ തടയില്ല എന്ന് വ്യക്തമാക്കിയിട്ടും കടകള്‍ അടപ്പിക്കാന്‍ സമരാനുകൂലികള്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ ചില കടകള്‍ രാവിലെ തുറന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ കടകള്‍ തുറക്കാനായി എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെ പോലീസ് ബലമായി സ്ഥലത്ത് നിന്നും നീക്കിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി പോലീസ് സംരക്ഷണത്തില്‍ തന്നെ കടകള്‍ തുറുന്നു.

കോഴിക്കോട് രാവിലെ ഒമ്പത് മണിയോടെ തന്നെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. മിഠായി തെരുവില്‍ പത്ത് മണിയോടെ തന്നെ അമ്പത് ശതമാനത്തോളം കടകളും തുറന്നു. ഉച്ചയോടെ കൂടുതല്‍ കടകള്‍ തുറന്നു തുടങ്ങി. കഴിഞ്ഞ ദിവസം ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലില്‍ വലിയ സംഘര്‍ഷത്തിനാണ് മിഠായി തെരുവ് സാക്ഷിയാകേണ്ടി വന്നത്. അതുകൊണ്ടു തന്നെ ശക്തമായ സുരക്ഷയാണ് ഇവിടെയൊരുക്കിയത്. വിവിധയിടങ്ങില്‍ സമരാനുകൂലികളുടെ പ്രതിഷേധ പ്രകടനവും മറ്റും നടന്നുവെങ്കിലും ആരും കടകള്‍ അടപ്പിക്കാനൊ സംഘര്‍ഷമുണ്ടാക്കാനോ എത്താത്തത് നഗരത്തില്‍ പോലീസിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായി.

കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ കോഴിക്കോടും മുടങ്ങിയെങ്കിലും മെഡിക്കല്‍ കോളേജ് അടക്കമുള്ള അടിയന്തര സര്‍വീസുകള്‍ പോലീസ് സുരക്ഷയില്‍ നടത്തി. കളക്ടറേറ്റില്‍ പേരിന് മാത്രം ജീവനക്കാര്‍ എത്തിയത് കളക്ടറേറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റി. തണുപ്പ് വര്‍ധിച്ചതോടെ വയനാട്ടിലേക്ക് ടൂറിസ്റ്റുകള്‍ വലിയ തോതില്‍ എത്തുന്ന സീസണാണ് ഇപ്പോഴെങ്കിലും ഇന്നത്തെ പണിമുടക്ക് ഇവിടെയെത്തിയ വിദേശികളെ അടക്കം വലച്ചു. കല്‍പറ്റയിലും ബത്തേരിയിലും ചരക്ക് വാഹനങ്ങളെ അടക്കം സമരാനുകൂലികള്‍ തടഞ്ഞതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും കെ.എസ്.ആര്‍.ടി.സി അടക്കം സര്‍വീസ് നിര്‍ത്തിവെച്ചത് പൊതുഗതാഗതത്തെ വലച്ചു.

Share this news

Leave a Reply

%d bloggers like this: