മഞ്ഞക്കുപ്പായക്കാരെ ചെറുക്കാന്‍ ‘ദേശീയ മഹാസംവാദ’ത്തിന് തുടക്കമിട്ട് ഫ്രാന്‍സ് പ്രസിഡണ്ട്

രണ്ടു മാസം നീളുന്ന ‘ദേശീയ മഹാസംവാദ’ത്തിന് തുടക്കമിട്ട് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ഇതിന് തുടക്കമെന്ന നിലയില്‍ 2,330 വാക്കുകളുള്ള ഒരു തുറന്ന കത്ത് മാക്രോണ്‍ പ്രസിദ്ധീകരിച്ചു. ‘മഞ്ഞക്കുപ്പായ പ്രസ്ഥാനം’ കൂടുതല്‍ ശക്തി പ്രാപിക്കുന്നത് തടയുക എന്ന ലക്ഷ്യം കൂടി മുന്നില്‍ക്കണ്ടാണ് ഈ ദേശീയ സംവാദത്തിന് മാക്രോണ്‍ തുടക്കമിടുന്നതെന്നത് വ്യക്തമാണ്.

താനും തന്റെ കക്ഷിയും 2017 തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുമ്പോട്ടു വെച്ച ആശയങ്ങളും നിര്‍ദ്ദേശങ്ങളും തന്നെയാണ് ഇപ്പോഴും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യവും അടിത്തറയുമെന്നും മാക്രോണ്‍ തന്റെ കത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പു കാലത്ത് മാക്രോണ്‍ ഉയര്‍ത്തിയ സോഷ്യലിസ്റ്റ് വാചോടോപങ്ങളെല്ലാം പാഴായെന്നാണ് മഞ്ഞക്കുപ്പായക്കാര്‍ കരുതുന്നത്. കടുത്ത മുതലാളിത്ത വികസന മാര്‍ഗത്തിലേക്കാണ് മാക്രോണ്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും ഇതാണ് സാധാരണക്കാര്‍ക്ക് എതിരായി മാറിയിരിക്കുന്നതെന്നും മഞ്ഞക്കുപ്പായക്കാര്‍ പറയുന്നു.

‘ഒരു ചോദ്യവും നിരോധിക്കപ്പെട്ടിട്ടില്ല’ എന്ന് തന്റെ കത്തില്‍ മാക്രോണ്‍ വിശദീകരിച്ചു. എല്ലാം ശരിയായി പോകുന്നുണ്ടെന്ന് താന്‍ വാദിക്കില്ലെന്നും അതുതന്നെയാണ് ജനാധിപത്യമെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും കുറഞ്ഞത് ജനങ്ങള്‍ക്ക് തുറന്ന് സംവദിക്കാനുള്ള സാഹചര്യം ഇല്ലാതായിട്ടില്ലെന്ന് കാണേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

രണ്ടുമാസത്തോളമായി മാക്രോണ്‍ കടുത്ത ജനകീയ പ്രക്ഷോഭത്തെയാണ് നേരിടുന്നത്. ആഴ്ചാവസാനങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയാണ്. ഡീസല്‍ വില കൂടുന്നതിനെതിരായിരുന്നു ജനങ്ങളുടെ ആദ്യ പ്രക്ഷോഭങ്ങള്‍. ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന ഉറപ്പ് കിട്ടിയിട്ടും പ്രതിഷേധങ്ങള്‍ക്ക് കുറവുണ്ടായില്ല. സര്‍ക്കാരിന്റെ നയങ്ങളെ മൊത്തത്തില്‍ എതിര്‍ക്കുകയാണ് ജനകീയ പ്രക്ഷോഭകര്‍ എന്നാണ് വ്യക്തമാകുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: