അമേരിക്കയിലെ ട്രഷറി സ്തംഭനം 24ാം ദിവസത്തിലേക്ക്; ചരിത്രത്തിലെ ഏറ്റവും നീണ്ട ട്രഷറി ഭാഗിക സ്തംഭനം രാജ്യത്തെ എല്ലാ മേഖലകളിലേക്കും

അമേരിക്കയിലെ ട്രഷറി സ്തംഭനം ഇരുപത്തിനാലാം ദിവസത്തിലേക്ക് കടന്നു. ചരിത്രത്തിലെ ഏറ്റവും നീണ്ട ട്രഷറി ഭാഗിക സ്തംഭനം കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം രാജ്യത്തിന് ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇരുപത്തി മൂന്നു ദിവസം പിന്നിട്ട ട്രഷറി സ്തംഭനം പതുക്കെ എല്ലാ മേഖലകളേയും ബാധിച്ചു തുടങ്ങി. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഇതു ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

അമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബോള്‍ മല്‍സരമായ സൂപ്പര്‍ ബൗളിന്റെ നടത്തിപ്പിനെ സ്തംഭനം ബാധിക്കുമെന്ന ആശങ്കയാണ് വിമാനത്താവള അതോറിറ്റിക്കുള്ളത്. അറ്റ്ലാന്റയിലാണ് ഇത്തവണ സൂപ്പര്‍ ബൗള്‍ നടക്കുന്നത്. തിരക്കേറിയ വിമാനത്താവളമായ അറ്റ്ലാന്റയിലെ സുഗമമായ പ്രവര്‍ത്തനത്തെ സ്തംഭനം ബാധിക്കുന്നതിനാല്‍ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.

സ്തംഭനം ഭാഗികമായി അവസാനിപ്പിക്കണമെന്ന ഉപദേശം പ്രസിഡന്റ് ട്രംപിന് നല്കിയിട്ടുണ്ടെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍സേ ഗ്രഹാം പറഞ്ഞു. മൂന്നാഴ്ചത്തേക്കെങ്കിലും ട്രഷറി തുറന്നു പ്രവര്‍ത്തിച്ചാലേ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകാനാകൂ. ആ സമയത്ത് അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ചും മതിലിനെക്കുറിച്ചും ഡെമോക്രാറ്റുകളുമായി ചര്‍ച്ച നടത്താമെന്നും ഗ്രഹാം പറയുന്നു. ഡെമോക്രാറ്റുകള്‍ അതിനും വഴങ്ങിയില്ലെങ്കില്‍ മാത്രം അടിയന്തരാവസ്ഥയുമായി മുന്നോട്ടു പോയാല്‍ മതിയെന്നാണ് ഗ്രഹാമിന്റെ ഉപദേശം.

ഗ്രഹാം ഇപ്പോഴും ട്രംപിന്റെ പക്ഷം തന്നെയാണ്. പക്ഷേ അടിയന്തരാവസ്ഥയേക്കാളും ന്യായമായത് സമവായ ചര്‍ച്ചയാണെന്ന ഉപദേശമാണ് അദ്ദേഹം പ്രസിഡന്റിനു കൊടുക്കുന്നത്. ശമ്പളം മുടങ്ങിക്കിടക്കുന്നതു കൊണ്ട് ദുരിതത്തിലാവുകയാണ് ആയിരക്കണക്കിന് ഫെഡറല്‍ ജീവനക്കാര്‍. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ട്രംപ് നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനാണ് താന്‍ മുന്‍തൂക്കം കൊടുക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: