ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

ഡബ്ലിന്‍: ഡബ്ലിന്‍ വിമാനത്താവളത്തിലുടെ കഴിഞ്ഞവര്‍ഷം ആകെ സഞ്ചരിച്ചത് 31.5 മില്ല്യണ്‍ യാത്രക്കാര്‍. ഇതോടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ യാത്രചെയ്ത യൂറോപ്പിലെ രണ്ടാമത്തെ എയര്‍പോര്‍ട്ട് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 6 ശതമാനം വര്‍ദ്ധവനവുണ്ടായതായും 1.9 മില്ല്യണ്‍ ആളുകള്‍ കൂടുതലായി എയര്‍പോര്‍ട്ട് ഉപയോഗിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഈ വര്‍ഷം എയര്‍പോര്‍ട്ടില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്നും എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ വിന്‍സെന്റ് ഹാരിസണ്‍ പറയുന്നു. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കാരണമാകും. പുതിയ റൂട്ടുകള്‍ ആരംഭിച്ചത് യാത്രക്കാരുടെ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്. 31.5 മില്യണ്‍ യാത്രക്കാരില്‍ ഓരോരുത്തരുടെയും യാത്ര സുഗമവും സന്തോഷകരവുമാക്കുന്നതിന് എയര്‍പോര്‍ട്ട് ജീവനക്കാരുടെ കഠിനമായ പരിശ്രമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നേരത്തെ ഇടംപിടിച്ചിരുന്നു. വിമാനത്താവള സുരക്ഷ, വെയിറ്റിങ് ഏരിയ, ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റ്, തുടങ്ങിയ സൗകര്യങ്ങള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിനെ മികച്ചതാക്കുന്നു. മികച്ച കസ്റ്റമര്‍ സര്‍വീസിന്റെ പേരില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അടുത്തിടെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കൂടാതെ യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന എയര്‍പോര്‍ട്ടായും ഡബ്ലിനെ തിരഞ്ഞെടുത്തിരുന്നു. യുറോപ്പിനെയും നോര്‍ത്ത് അമേരിക്കയെയും ബന്ധിപ്പിക്കുന്ന ട്രാന്‍സ് അറ്റ്ലാന്റിക്ക് റൂട്ടുകളുടെ ആരംഭം വേഗത്തിലുള്ള പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. യൂറോപ്പ്, ഏഷ്യ ,അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെത്താന്‍ ഡബ്ലിന്‍ ഒരു ലോകോത്തര ഇടത്താവളമായും പ്രവര്‍ത്തിക്കുന്നുണ്ട്.

അയര്‍ലണ്ടിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് പ്രധാന പങ്കുവഹിക്കുന്നു. ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ക്കും ഡബ്ലിന്‍ എയര്‍പോര്‍ട്ട് മുഖാന്തിരമായി. ഈ വര്‍ഷം മൂന്നാം ടെര്‍മിനല്‍ നിര്‍മ്മിയ്ക്കാനുള്ള പദ്ധതിക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി രൂപം നല്‍കിവരികയാണ്. 2031 ന്നോടുകൂടി പുതിയ ടെര്‍മിനലിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. തിരക്ക് വര്‍ദ്ധിക്കുന്നതോടെ സുരക്ഷാ ക്രമീകരങ്ങളും ശക്തിപ്പെടുത്തുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: