കൊച്ചി മനുഷ്യക്കടത്തിന്റെ കേന്ദ്രമാകുന്നു ??

കൊച്ചി: ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രീലങ്കന്‍ തമിഴരെ കടത്തുന്നതിന് മുന്‍പ് പലപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്ന കൊച്ചി തീരം വീണ്ടും മനുഷ്യക്കടത്ത് കേന്ദ്രമായി മാറുന്നുവെന്ന് ആശങ്ക. ഇക്കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിനു തൊട്ടപ്പുറത്ത് മുനമ്പത്ത് നിന്ന് 40 പേരെ കടത്തിയ സംഭവമാണ് ഈ ആശങ്കക്ക് അടിസ്ഥാനം. മുനമ്പം വഴി ഓസ്ട്രേലിയയിലേക്കും ന്യൂസീലാന്‍ഡിലേക്കും മനുഷ്യക്കടത്ത് നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ കുടിയേറ്റ അനുകൂലനിയമം ഉള്ളതാണ് മനുഷ്യക്കടത്തിന് ഇവരെ പ്രേരിപ്പിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്.

ഇന്ത്യയ്ക്ക് വെളിയില്‍ നിന്നുള്ളവര്‍ക്ക് പോലും കൊച്ചിയില്‍ വിമാനമാര്‍ഗ്ഗം എത്തി കടല്‍ മാര്‍ഗ്ഗം ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരാന്‍ വളരെ അനുകൂലമായ സാഹചര്യമുണ്ട്. അത്തരത്തിലുള്ള സംഘമാണ് മുനമ്പം വഴി ഓസ്ട്രേലിയയിലേക്ക് കടന്നതെന്നാണ് സൂചന. ശ്രീലങ്കന്‍ സ്വദേശികളായ 40ല്‍ പരം പേരാണ് കടന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഡല്‍ഹിയിലെ അംബേദ്കര്‍ കോളനി നിവാസികളായിരുന്നവരാണ് കടല്‍മാര്‍ഗം ഓസ്ട്രേലിയക്ക് കടന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ ചിലര്‍ ദില്ലിയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ബോട്ട് കഴിഞ്ഞ ദിവസം കൂടുതല്‍ അളവില്‍ ഇന്ധനം നിറച്ചിരുന്നതിന്റെ രേഖകളും കണ്ടെത്തി.

തീരം വിട്ട ബോട്ടു കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. ബോട്ട് മാര്‍ഗ്ഗം കടന്നവര്‍ ശ്രീലങ്കയില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും ഉള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. 27 ദിവസം കൊണ്ട് ബോട്ട് ഓസ്ട്രേലിയന്‍ തീരത്ത് എത്തും. മനുഷ്യക്കടത്തിന് പിന്നില്‍ രാജ്യാന്തരബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മനുഷ്യക്കടത്തിനെക്കുറിച്ച് ഐബി ഉദ്യോഗസ്ഥര്‍ പരിശോധനയും തുടങ്ങി. ഇതിനിടയില്‍ വൈപ്പിന്‍ മുനമ്പംവഴി ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്തു നടത്തുന്ന സംഘത്തിന് നേതൃത്വം നല്‍കിയെന്നു കരുതുന്ന തമിഴ് നാട്ടിലെ തക്കല സ്വദേശിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇയാള്‍ ഉടന്‍ പിടിയിലായേക്കുമെന്നാണ് സൂചന. ഇതോടെ അനധികൃത കുടിയേറ്റത്തിനായി പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വഴികള്‍ അടഞ്ഞു. ഇതോടെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര കുടിയേറ്റ ഏജന്‍സികള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തുറക്കാനുള്ള ശ്രമം തുടങ്ങി. അങ്ങനെയാണ് പരിശോധനകള്‍ താരതമ്യേന കുറഞ്ഞ ഇന്ത്യന്‍ തീരങ്ങള്‍വഴി കടല്‍ മാര്‍ഗ്ഗം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുള്ള ശ്രമങ്ങള്‍ അടുത്ത കാലത്ത് ഊര്‍ജ്ജിതമായത്. അത്തരത്തിലൊരു കേന്ദ്രമായി കൊച്ചിയെയും മുനമ്പം തുറമുഖത്തേയും ഉപയോഗിച്ചതായാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

സമ്പന്ന വിദേശ രാജ്യങ്ങളിലേക്ക് ദരിദ്രരാജ്യങ്ങളില്‍ നിന്നുള്ളവരുടെ അധികൃതവും അനധികൃതവുമായ കുടിയേറ്റം ദശകങ്ങളായി നടന്നു വരുന്നതാണ്. അനധികൃത കുടിയേറ്റങ്ങള്‍ അടുത്ത കാലത്ത് വ്യാപകമായതോടെ പാശ്ചാത്യ രാജ്യങ്ങള്‍ ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ ആരംഭിച്ചു. 2018 ലെ യുഎന്‍ കണക്കനുസരിച്ച് 244 ദശലക്ഷം പേര്‍ ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. യുദ്ധം, ഭീകരവാദം, ആഭ്യന്തര കുഴപ്പങ്ങള്‍, ദാരിദ്ര്യം തുടങ്ങിയ വിവിധ കാരണങ്ങള്‍ വര്‍ധിച്ചതോടെ 2010 മുതല്‍ കുടിയേറ്റങ്ങള്‍ വ്യാപകമാകുകയും അത് കുടിയേറ്റ രാജ്യങ്ങളെ വലിയ ആശങ്കയിലാക്കുകയും ചെയ്തതോടെയാണ് ഇവര്‍ കുടിയേറ്റക്കാര്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Share this news

Leave a Reply

%d bloggers like this: