സിംബാബ്വെയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍

ഹരാരെ: സിംബാബ്വെയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് പ്രതിഷേധക്കാരും ട്രേഡ് യൂനിയനുകളും മൂന്ന് ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു. ഒരു ദിവസം കൊണ്ട് സിംബാബ്വെയില്‍ ഇന്ധനവിലയിലുണ്ടായത് ഇരട്ടി വര്‍ധന. 150 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ധനവിലയില്‍ പ്രസിഡന്റ് മന്‍ഗാഗ്വെ പ്രഖ്യാപിച്ചിരിക്കുന്നത്. സിംബാബ്വെയില്‍ പ്രസിഡന്റിനെതിരെ വലിയരീതിയില്‍ ജനരോഷം ഉയരുന്നുണ്ട്.

ക്രമാധീത മായി വില വര്‍ധിച്ചതോടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരു വിലിറങ്ങി. റോഡുകളില്‍ ബാരിക്കേഡുകള്‍ തീര്‍ത്തും ടയറുകള്‍ അഗ്‌നിക്കിരയാക്കിയുമായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഈ പതിറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക സാഹചര്യത്തെയാണ് സിംബാബ്വെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

സിംബാബ്‌വെയില്‍ ഇന്റര്‍നെറ്റ് സംവിധാനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ധനവില വര്‍ധനവിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇതിന് പിന്നാലെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. അനിശ്ചിതകാലത്തേക്കാണ് നിരോധനം. നേരത്തെ തന്നെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതും ഈ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു.

Share this news

Leave a Reply

%d bloggers like this: