ഇന്ത്യയിലെ സ്വത്തിന്റെ പകുതിയും 9 അതിസമ്പന്നരുടേത്

രാജ്യത്തിന്റെ സാമൂഹ്യ ഘടനയെയും ജനാധിപത്യത്തെയും തകര്‍ക്കും വിധം സാമ്പത്തിക വളര്‍ച്ചയിലെ അന്തരം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് രാജ്യാന്തര സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് അന്തരം ചൂണ്ടിക്കാട്ടുന്നത്. 9 അതിസമ്പന്നര്‍ രാജ്യത്തെ മൊത്തം സ്വത്തിന്റെ 50 ശതമാനം കയ്യടക്കി വച്ചിരിക്കുകയാണെന്നും പഠനം പറയുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ചൊവ്വാഴ്ച തുടങ്ങുന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക ഉച്ചകോടിക്കുമുന്നോടിയായാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ സ്വത്ത് 39 ശതമാനം വര്‍ധിച്ചപ്പോള്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്ന ദരിദ്രജനങ്ങളുടെ വരുമാനത്തില്‍ വെറും മൂന്ന് ശതമാനം മാത്രമാണ് വര്‍ധന. ഇന്ത്യയിലെ കോടീശ്വരന്മാര്‍ കഴിഞ്ഞവര്‍ഷം ദിവസം ശരാശരി സമ്പാദിച്ചത് 2,200 കോടി രൂപയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ക്രെഡിറ്റ് സ്യൂസ് വെല്‍ത്ത് ഡേറ്റാബുക്ക്, ഫോബ്‌സ് കോടീശ്വര പട്ടിക എന്നിവയുള്‍പ്പെടെ പൊതുവായി ലഭിക്കുന്ന വിവരങ്ങളുടെ വിശകലനത്തില്‍നിന്നാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ ജന സംഖ്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ ഇന്ത്യയുടെ ആകെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയടക്കിക്കൊണ്ടിരിക്കുകയാണ്. അതിസമ്പന്നരും ബാക്കി ജനസംഖ്യയും തമ്മിലുള്ള ഈ വ്യത്യാസം തുടര്‍ന്നാല്‍ രാജ്യത്തെ സാമൂഹിക-ജനാധിപത്യ ഘടന തകിടംമറിയുമെന്നും ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വിന്നി ബ്യാന്‍യിമ പറഞ്ഞു.
ഒരുനേരത്തെ ആഹാരത്തിനും കുട്ടികളുടെ മരുന്നിനുമായി കഷ്ടപ്പെടുന്നുവെന്നത് രാജ്യത്തെ 30 ശതമാനത്തിലധികം വരുന്ന ദരിദ്ര ജനത എന്നതും ശ്രദ്ധേയമാണ്.

പഠനത്തിലെ പ്രധാന നിരീക്ഷണങ്ങള്‍

ഇന്ത്യയിലെ ജനസംഖ്യയുടെ പത്തുശതമാനം ഏറ്റവും താഴെത്തട്ടിലുള്ള 13.6 കോടി ജനങ്ങള്‍ 2004 മുതല്‍ കടക്കെണിയില്‍ തുടരുകയാണ്. വരുമാനത്തിലും സ്വത്തിലും പെരുകുന്ന അസമത്വം സാമൂഹ്യ അസ്വസ്ഥതകള്‍ക്ക് കാരണമാകും. ഇതോടെ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക അസമത്വം കൂടുന്നത് പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് അധികം ബാധിക്കുന്നത്.

ശതകോടീശ്വരന്‍മാരുടെ സ്വത്ത് ഇന്ത്യയുടെ പൊതുബജറ്റ് അടങ്കല്‍ തുകേക്കാള്‍ ഉയരത്തില്‍. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പൊതുബജറ്റ് അടങ്കല്‍ 24.42 ലക്ഷം കോടി രൂപയാണെന്നിരിക്കെ 119 അതിസമ്പന്നരുടെ മൊത്തം സ്വത്ത് ഇപ്പോള്‍ 28 ലക്ഷം കോടിയാണ്.

അടുത്ത നാലുവര്‍ഷത്തിനിടെ ദിവസവും 70 പുതിയ കോടീശ്വരന്‍മാര്‍ ഉണ്ടാവും. 2018-ല്‍ 18 പുതിയ കോടീശ്വരന്മാര്‍ കൂടി രൂപം കൊണ്ടതോടെ ഇന്ത്യയില്‍ ആകെ 119 അതിസമ്പന്നരെന്ന് കണക്കുകള്‍. ചരിത്രത്തില്‍ ആദ്യമായി ഇവരുടെ ആകെ സമ്പത്ത് ഏകദേശം 28 ലക്ഷം കോടി രൂപ പിന്നിട്ടു. (40,000 കോടി ഡോളര്‍).

അതിസമ്പന്നരുടെ വളര്‍ച്ച സാമ്പത്തിക അസമത്വം വര്‍ധിപ്പിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലാവിഭാഗത്തില്‍ ആവശ്യത്തിന് പണം അനുവദിക്കുന്നില്ല. കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും നികുതി ആനുകൂല്യങ്ങള്‍. മറ്റുള്ളവക്ക് അവഗണനയെന്നും ഓക്‌സ്ഫാം ഇന്ത്യ സി.ഇ.ഒ. അമിതാഭ് ബെഹര്‍.

രാജ്യത്തെ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്തുനികുതി അരശതമാനം വര്‍ധിപ്പിച്ചാല്‍ ആരോഗ്യമേഖലയില്‍ 50 ശതമാനം അധികതുക സര്‍ക്കാരിന് ചെലവഴിക്കാനാകുമെന്നും പഠനം.

വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുന്നു. സമ്പന്നര്‍ക്കുമാത്രമേ ചെലവ് താങ്ങാനാവൂ എന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണസംഖ്യ ഇന്ത്യയില്‍ പാവപ്പെട്ട കുടുംബങ്ങളില്‍ സമ്പന്ന കുടുംബങ്ങളിലുള്ളതിനെക്കാള്‍ മൂന്നുമടങ്ങാണെന്നും പഠനം പറയുന്നു.

Share this news

Leave a Reply

%d bloggers like this: