റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്നില്‍ ത്രിവര്‍ണ പതാക കത്തിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍

റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്നില്‍ വിഘടനവാദി സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ ഇന്ത്യയുടെ ദേശീയപതാക കത്തിച്ച സംഭവത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടനിലെ സിഖ്, കശ്മീരി സംഘടനകളാണ് ശനിയാഴ്ച ലണ്ടനില്‍ പ്രതിഷേധിച്ചത്. ഇവര്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേ മുദ്രാവാക്യം മുഴക്കുകയും പതാക കത്തിക്കുകയും ചെയ്തിരുന്നു.

ഇത്തരമൊരു സംഭവമുണ്ടായതില്‍ നിരാശയുണ്ട്. അതുകൊണ്ടുണ്ടായ ആശങ്കകളില്‍ ഖേദം പ്രകടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷവേളയില്‍ ഇന്ത്യയ്ക്ക് എല്ലാ ആശംസകളും അറിയിക്കുകയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന ആഗോളശക്തികളുമായി ബ്രിട്ടന്‍ കൂടുതല്‍ മെച്ചപ്പെട്ട ബന്ധമാഗ്രഹിക്കുന്നുവെന്നും ബ്രിട്ടന്റെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് സ്!കോട്ട്ലാന്‍ഡ് യാര്‍ഡ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിഷേധം നടക്കുന്നുവെന്ന വിവരം ലണ്ടന്‍ പോലീസ് നേരത്തേ അറിഞ്ഞിരുന്നുവെന്ന് ഇന്ത്യന്‍ അധികൃതര്‍ ആരോപിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this news

Leave a Reply

%d bloggers like this: