ആസിയാ ബീബിക്ക് അമേരിക്കയില്‍ അഭയം; യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം

ആസിയാ ബീബിക്ക് അഭയം നല്‍കണമെന്ന് യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം. മതനിന്ദാക്കേസില്‍ പാക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വീട്ടമ്മ ആസിയാ ബീബിക്ക് അമേരിക്കയില്‍ അഭയം നല്‍കണമെന്ന് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കെന്‍ കാല്‍വെര്‍ട്ടാണ് ആവശ്യപ്പെട്ടത്.

കീഴ്ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയാണ് ആസിയായെ കുറ്റവിമുക്തയാക്കിയത്. ഇതിനെതിരേ നല്‍കിയ റിവ്യു ഹര്‍ജി ചൊവ്വാഴ്ച തള്ളിയ സുപ്രീം കോടതി ആസിയായ്ക്ക് രാജ്യത്തോ പുറത്തോ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനു വിലക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ആസിയായ്ക്ക് അഭയം നല്‍കാമെന്നു കാനഡ സമ്മതിച്ചിട്ടുണ്ട്. അവരുടെ രണ്ടു മക്കള്‍ കാനഡയിലുണ്ട്. ആസിയാ ഉടന്‍ പാകിസ്ഥാന്‍ വിടുമെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജയില്‍മുക്തയായെങ്കിലും തീവ്രവാദികളുടെ ഭീഷണി ഭയന്ന് ആസിയായെ സുരക്ഷിതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇന്നലെയും ചില തീവ്രവാദ സംഘടനകളുടെ ആഹ്വാനപ്രകാരം പ്രക്ഷോഭം നടത്തിയെങ്കിലും അതു കാര്യമായ ചലനമുണ്ടാക്കിയില്ല.

Share this news

Leave a Reply

%d bloggers like this: