ഡബ്ലിനില്‍ മരണമടഞ്ഞ 5 വയസ്സുകാരന്‍ ജയ്ഡന്റെ പൊതുദര്‍ശനം ഇന്ന് 2 മണിമുതല്‍ സോര്‍ഡ്‌സ് സെന്റ് ഫിനിയാന്‍സ് പള്ളിയില്‍

ഉറ്റവരെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിതമായ് വിടപറഞ്ഞ ഡബ്ലിനിലെ മലയാളി ദമ്പതികളുടെ അഞ്ചു വയസ്സുകാരനായ മകന്‍ ജെയ്ഡന്റെ മൃതദേഹം ഇന്നുച്ചകഴിഞ്ഞ് പൊതുദര്‍ശനത്തിനു വയ്ക്കും. ഡബ്ലിന്‍ സോര്‍ഡ്‌സിലെ ബാല്‍ ബ്രീഗനിലുള്ള ഷോബിന്‍ ജോബ് അബ്രഹാമിന്റെയും ജിസ് ജോസഫിന്റെയും മകനാണ് ജെയ്ഡന്‍. അപ്രതീക്ഷിതമായി പിടിപെട്ട അസുഖം മൂലമായിരുന്നു മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കുമൊക്കെ പ്രിയങ്കരനായിരുന്ന ജെയ്ഡന്റ വേര്‍പാട്.

അസുഖം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ദ്രോഗഡ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ കുഞ്ഞ് മരണപ്പെട്ടു. ഇന്നുച്ച കഴിഞ്ഞ് 2 മണിമുതല്‍ സോര്‍ഡ്‌സ് റിവര്‍ വാലി സെന്റ് ഫിനിയാന്‍സ് ദേവാലയത്തിലാണ് മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുക.

ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിലിന്റെയും റവ. ഫാ. റോയ് വട്ടക്കാട്ടിന്റെയും റവ. ഫാ. രാജേഷ് മേച്ചിറാകത്തിന്റെയും കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും പ്രാര്‍ഥനാ ശുശ്രൂഷകളും നടക്കും. സോര്‍ഡ്‌സ് ബ്ലൂമൗണ്ട് ഹോസ്പിറ്റലിലെ നഴ്‌സാണ് ജെയ്ഡന്റെ മാതവ് ജിസ്. പിതാവ് ഷോബിന്‍ പൊന്‍കുന്നം ചെങ്കല്ലേപ്പള്ളി കുമ്പുക്കല്‍ കുടുംബാംഗമാണ്.

പൊതുദര്‍ശനത്തിനുശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പൊതുദര്‍ശനം നടത്തുന്ന ദേവാലയം:

St. Finian’s Church
River Valley Parish, Hill Town
Swords, Co. Dublin
Ireland

Share this news

Leave a Reply

%d bloggers like this: