ട്രംപിന്റെ നയപ്രഖ്യാപനത്തിന് അതിഥിയായി മലയാളി വിദ്യാര്‍ത്ഥിനിയും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് അതിഥിയായി മലയാളി വിദ്യാര്‍ത്ഥിനിയും. തൃശൂര്‍ സ്വദേശികളായ രാംകുമാര്‍ മേനോന്റെയും ഷൈലജ അലാട്ടിന്റെയും മകളായ ഉമ മേനോനാണ് മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിപിടിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ നയപ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക. വര്‍ഷാരംഭത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്റ് നയപ്രഖ്യാപന പ്രസംഗം നടത്തുന്ന പതിവുണ്ട്. ഫെബ്രുവരി അഞ്ച് ചൊവ്വാഴ്ച വാഷിംഗ്ടണില്‍ ട്രംപ് നടത്തുന്ന സ്റ്റേറ്റ് ഒഫ് ദി യൂണിയന്‍ പ്രസംഗത്തിനാണ് ഉമയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം സ്റ്റെഫാനി മര്‍ഫി രാജ്യവ്യാപകമായി സംഘടിപ്പിച്ച ലേഖനമത്സരത്തില്‍ വിജയിച്ചാണ് 15 കാരിയായ, ഈ കൊച്ചുമിടുക്കി പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് അതിഥിയാവുന്നത്. രാഷ്ട്രീയത്തില്‍ ഏറെ തല്‍പരയായ ഉമയ്ക്ക് അതില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് ആഗ്രഹം. ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററുമായ കമലാ ഹാരിസ് 2020-ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാവുന്ന പക്ഷം അവര്‍ക്കായി പ്രചരണരംഗത്ത് സജീവമാകാനും ഉമയ്ക്ക് ലക്ഷ്യമുണ്ട്.

വാഷിംഗ്ടണില്‍ പ്രസിഡന്റിന്റെ നയപ്രഖ്യാപനം കേള്‍ക്കുന്നതിനൊപ്പം പാര്‍ലമെന്റിലെ ഭൂരിഭാഗം അംഗങ്ങളെയും തന്നെപ്പോലുള്ള വിദ്യാര്‍ത്ഥി-യുവജന നേതാക്കളുമായി കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഉമ പറഞ്ഞു. ഫ്‌ളോറിഡയില്‍ ബിസിനസ് സംരംഭകരാണ് ഉമയുടെ മാതാപിതാക്കളായ രാംകുമാറും ഷൈലജയും. ഉമയ്ക്ക് ലഭിച്ച അത്യപൂര്‍വ്വ അവസരത്തില്‍ നാട്ടിലെ ബന്ധുക്കളും സന്തോഷത്തിലാണ്.

Share this news

Leave a Reply

%d bloggers like this: