അയര്‍ലണ്ടിനെ പ്രകമ്പനം കൊള്ളിക്കാന്‍ ഇന്ന് നേഴ്‌സുമാര്‍ തെരുവിലേക്ക്; ഡബ്ലിനിലെ റാലിക്ക് വന്‍ ജനപിന്തുണ; വിവിധ സംഘടനകളും പങ്കുചേരും

ഡബ്ലിന്‍: അയര്‍ലണ്ടിലെ നേഴ്‌സുമാരുടെ അവകാശ സമര പോരാട്ടങ്ങള്‍ക്ക് ശക്തിപകരാന്‍ ഇന്ന് ഡബ്ലിനില്‍ പതിനായിരക്കണക്കിന് നേഴ്‌സുമാര്‍ ഒത്തുകൂടുന്ന റാലി അരങ്ങേറും. നേഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പൊതുജങ്ങള്‍ക്കും റാലിയില്‍ പങ്കെടുക്കും. വേതന വര്‍ധനവ് അംഗീകരിക്കണമെന്നും, അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും, നേഴ്സ് ക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പണിമുടക്കും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്ന അയര്‍ലണ്ടിലെ നേഴ്‌സുമാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വന്‍ജനപിന്തുണയാണ് ലഭിക്കുന്നത്.

ഡബ്ലിന്‍ പാര്‍ണെല്‍ സ്‌ക്വറിലുള്ള ഗാര്‍ഡന്‍ ഓഫ് റിമെംബറന്‍സിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് റാലി ആരംഭിക്കുക. വിവിധ സംഘടനകളും രാഷ്ട്രീയ പ്രതിനിധികളും, പൊതുജനങ്ങളും ഈ മാര്‍ച്ചില്‍ നേഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പങ്കാളികളാകും. നേഴ്‌സുമാരും മിഡ്വൈഫുമാരും കുടുംബത്തോടോപ്പമാകും റാലിയില്‍ പങ്കെടുക്കുന്നത്. മെറിയോണ്‍ സ്‌ക്വയറിലെ ലെയിന്‍സ്റ്റര്‍ ഹൗസിന് പിന്നില്‍ റാലി അവസാനിക്കും. നേഴ്‌സുമാരുടെ ശക്തി പ്രകടനത്തിനു ശേഷമെങ്കിലും ഗവണ്മെന്റ് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്ന് INMO വക്താക്കള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടന്ന 24 മണിക്കൂര്‍ പണിമുടക്കിന് ശേഷവും ഗവണ്മെന്റ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോപ പരിപാടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് INMO തീരുമാനം. ഇതിന്റെ ഭാഗമായാണ് നാളെ ഡബ്ലിനില്‍ മഹാറാലി സംഘടിപ്പിച്ചിരുക്കുന്നത്. ഈ മാസം 12, 13, 14, 19, 21 തിയതികളില്‍ തുടര്‍ പണിമുടക്കുകള്‍ക്കും നേഴ്‌സുമാരുടെ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. പണിമുടക്കിന് ലഭിച്ച വമ്പിച്ച ജനപിന്തുണയില്‍ സന്തോഷമുണ്ടെന്ന് INMO യുടെ പ്രസിഡന്റ് മാര്‍ട്ടീന ഹാര്‍കിന്‍-കെല്ലി പറഞ്ഞു. ഏകദേശം 68,000 പേര്‍ നേഴ്സുമാരുടെ പണിമുടക്കിനെ പിന്തുണയ്ക്കുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ പത്തില്‍ എട്ട് പേരും സമരത്തെ പിന്തുണയ്ക്കുന്നു.

INMO യ്ക്ക് ഒപ്പം സൈക്കാട്രിക് നേഴ്സസ് അസോസിയേഷനും, ജിപി മാരുടെ സംഘടനയും ആരോഗ്യവകുപ്പിന്റെ അഴിച്ചുപണിയ്ക്കായി മുറവിളികൂട്ടി രംഗത്തെത്തിയത് ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തൊഴില്‍ മേഖലയിലെ അവകാശ പോരാട്ടങ്ങള്‍ക്ക് തെരുവിലിറങ്ങുന്ന നേഴ്‌സുമാര്‍ക്ക് വന്‍ ജനപിന്തുണയും ഒപ്പമുണ്ട്. ആശുപത്രികളിലെ പരിമിതികള്‍ മറികടന്ന് മണിക്കൂറുകളോളം സേവന രംഗത്ത് സജീവമാവുന്ന നേഴ്സുമാര്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് നേഴ്‌സുമാര്‍ രംഗത്തെത്തിയത്. നേഴ്സിങ് സഘടനായ ഐ.എന്‍.എം.ഒ യ്ക്ക് എച്ച്.എസ്.ഇ പല വാഗ്ദാനങ്ങളും കൈമാറിയെങ്കിലും അതെല്ലാം നടപ്പില്‍ വരാത്തതില്‍ പ്രതിഷേധിച്ചാണ് പതിനായിരക്കണക്കിന് നേഴ്‌സുമാര്‍ ഇന്ന് തെരുവിലേക്ക് ഇറങ്ങുന്നത്. അതേസമയം ലേബര്‍ കോര്‍ട്ടില്‍ ഇന്നലെ യൂണിയനുമായി നടന്ന നീണ്ട ഒന്‍പത് മണിക്കൂര്‍ ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കും.

Share this news

Leave a Reply

%d bloggers like this: