ബ്രെക്‌സിറ്റിന് ഇനി നിര്‍ണ്ണായക ദിനങ്ങള്‍; വിടുതല്‍ കരാറില്‍ അന്തിമ ചര്‍ച്ചകളുമായി തെരേസ മേയ്

ബ്രെക്സിറ്റ് തീയതി അടുത്ത് വരുന്നതോടെ ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് അന്തിമമായി എന്താണ് സംഭവിക്കുകയെന്നറിയാന്‍ ലോകം മുഴുവന്‍ ബ്രിട്ടനിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. അതിനിടെ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ എന്തെല്ലാമാണ് നടക്കുകയെന്ന പുതുക്കിയ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതനുസരിച്ച് ഈ മാസം 14ന് ബ്രെക്സിറ്റ് വിഷയത്തില്‍ പാര്‍ലിമെന്റംഗങ്ങള്‍ക്ക് വീണ്ടുമൊരു വോട്ട് ചെയ്യാന്‍ സാധിക്കും. ഫെബ്രുവരി 25ന് അവസാന എഗ്രിമെന്റിലെത്തും. പിന്നീട് അധികം വൈകുന്നതിന് മുമ്പ് തന്നെ അതായത് അടുത്ത മാസം 21നും 22നും യുകെയും ബ്രസല്‍സുമായി ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അവസാന വട്ട വിലപേശലുകള്‍ അരങ്ങേറും. അടുത്ത മാസം 29ന് നല്ലൊരു ഡീലോട് കൂടിയോ നോ ഡീലിലോ യുകെ യൂറോപ്യന്‍ യൂണിയനോട് ഗുഡ് ബൈ പറയുകയും ചെയ്യും.

എന്നാല്‍ ഇതിനിടെ ബ്രെക്സിറ്റ് തീയതി നീട്ടുന്നതിനുളള സാധ്യതകളും പ്രവചിക്കപ്പെടുന്നുണ്ട്.ഈ മാസം 14ന് നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന എംപിമാര്‍ പ്രധാനമന്ത്രി തയ്യാറാക്കിയിരിക്കുന്ന ബ്രെക്സിറ്റ് ഡീലിനെ വിലയിരുത്തിക്കൊണ്ടായിരിക്കില്ല വോട്ട് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിലുപരി ബ്രെക്സിറ്റ് പ്രശ്നം തങ്ങള്‍ പരിഗണിക്കുന്നുവെന്ന തരത്തില്‍ നിഷ്പക്ഷമായി നിലകൊണ്ടായിരിക്കും അവര്‍ ചര്‍ച്ച നടത്തി വോട്ട് ചെയ്യുന്നത്.

കരാറില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുന്നതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ വീണ്ടും രംഗത്തെത്തിയിരുന്നു. എല്ലാ മേഖലയിലും ബ്രിട്ടന് ഇത് തിരിച്ചടി ഉണ്ടാക്കുമെന്നും രാജ്യം പിളര്‍പ്പിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റിനെ തുടക്കം മുതല്‍ എതിര്‍ക്കുന്ന നേതാക്കളില്‍ ഒരാളാണ് ടോണി ബ്ലയര്‍. ലേബര്‍ പാര്‍ട്ടി നേതാവായ അദ്ദേഹം ബ്രെക്സിറ്റ് സംബന്ധിച്ച തന്റെ ആശങ്ക വീണ്ടും മുന്നോട്ടുവെക്കുകയാണ്. ഇനിയും ഒരു ജനഹിത പരിശോധന നടന്നേക്കാം. അങ്ങനെയെങ്കില്‍ ജനം ബ്രെക്സിറ്റില്‍ കൃത്യമായ ഒരു ധാരണയിലെത്തും. പക്ഷെ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് രാജ്യത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കും. അയര്‍ലാന്‍ഡ് വിഷയത്തിലും ഇത് പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് വിഭാഗീയതയും സാമ്പത്തിക തകര്‍ച്ചയും ഉണ്ടാകും. രാജ്യത്തെ സാമ്പത്തിക ശക്തികളൊന്നായ ബ്രിട്ടന്റെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ബ്ലയര്‍ പറഞ്ഞു.

ബ്രെക്സിറ്റ് വിഷയത്തില്‍ അയര്‍ലണ്ടുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെരേസാ മേ അയര്‍ലണ്ട് സന്ദര്‍ശിച്ചിരുന്നു. നല്‍കിയ സമയപരിധിക്കുള്ളില്‍ വിഷയത്തില്‍ ഒരു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് തെരേസാ മേ. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റം അടുത്ത മാര്‍ച്ച് 29-ന് ആരംഭിച്ച് 2020 ജൂലൈ ഒന്നിനകം തീര്‍പ്പാക്കണമെന്നാണു കരാര്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമയബന്ധിതമായി ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനു കഴിഞ്ഞേക്കില്ല. വിടുതല്‍ കരാറിനെച്ചൊല്ലി യു.കെ. പാര്‍ലമെന്റ് ഇടഞ്ഞതാണു മേയ്ക്കു തിരിച്ചടിയായത്. ഇതോടെയാണു യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തെരേസാ മേയ് മുന്‍കൈയെടുത്തത്. വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി സംബന്ധിച്ച വിവാദ വ്യവസ്ഥ കരാറില്‍നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ ബ്രെക്സിറ്റിനെ അനുകൂലിക്കൂ എന്ന നിലപാടിലാണ് ബ്രിട്ടീഷ് പാര്‍ലമെന്റ്.

Share this news

Leave a Reply

%d bloggers like this: