കരിപ്പൂര്‍ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു; പഴയ ടെര്‍മിനല്‍ പുറപ്പെടല്‍ കേന്ദ്രമാകും

കരിപ്പൂരില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. ഗവണര്‍ പി.സദാശിവമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായി.

120 കോടി ചെലവിലാണ് പുതിയ ആഗമന ടെര്‍മിനലിന്റെ നിര്‍മ്മാണം. എന്നാല്‍ യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ തുറന്നുകൊടുക്കാന്‍ വൈകുമെന്നാണ് വിവരം. നിലവിലുള്ള ടെര്‍മിനലിന്റെ ഭാഗമായുള്ള കസ്റ്റംസ്, എമിഗ്രേഷന്‍ സൗകര്യങ്ങള്‍ പുതിയതിലേക്ക് മാറ്റുന്നതാണ് വൈകുന്നതിന് കാരണം. എക്ല്റേ യന്ത്രങ്ങളും കണ്‍വെയര്‍ ബെല്‍റ്റുകളും മാറ്റേണ്ടതുണ്ട്. യന്ത്രങ്ങളും സൗകര്യങ്ങളും മാറ്റുന്നതിന് 10 ദിവസം എടുക്കുമെന്നാണ് അതോറിറ്റിയുടെ കണക്കുകൂട്ടല്‍.

17,000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലകളിലായാണ് പുതിയ ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം നിലയില്‍ 32 എമിഗ്രേഷന്‍ കൗണ്ടറുകളും ആറ് വിസ ഓണ്‍ അറൈവല്‍ കൗണ്ടറുമുണ്ടാകും. നിലവില്‍ 916 യാത്രക്കാരെയാണ് ടെര്‍മിനലില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുക. പുതിയ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഒരു മണിക്കൂറില്‍ 1527 യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കും. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെര്‍മിനലില്‍ ഒന്നായി കരിപ്പൂര്‍ മാറും

Share this news

Leave a Reply

%d bloggers like this: