ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ചുടേറിയ വാരാന്ത്യം; താപനില 15 ഡിഗ്രിക്ക് മുകളില്‍

മഞ്ഞിന്റെയും അതിശൈത്യത്തിന്റെയും കാര്യമൊക്കെ ഈ വര്‍ഷം ഇനി ഓര്‍മ്മ മാത്രമാകും. ഇപ്പോള്‍ അനുഭവപ്പെടുന്നത് ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതില്‍ ഏറ്റവും ചൂടേറിയ വാരാന്ത്യമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത വാരവും താപനില ഉയര്‍ന്നു തന്നെ തുടരും. 16 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. സാധാരണ ഫെബ്രുവരി മാസം അനുഭവപ്പെടുന്നതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ ചൂടെന്നതും ആഗോള താപനത്തിന്റെയും അതു മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെയും തീവ്രത വെളിപ്പെടുത്തുന്നു.

ഒരു ഉന്നതമര്‍ദ്ദം അയര്‍ലണ്ടിനെ ലക്ഷ്യംവച്ച് നീങ്ങുന്നതാണ് ഇപ്പോഴത്തെ ചൂടിനു കാരണമെന്നും മെറ്റ് ഐറാന്‍ അറിയിപ്പില്‍ പറയുന്നു. മഞ്ഞുകാലംകഴിയുന്നതിനു മുമ്പെ ഇതാണ് ചൂടെങ്കില്‍ വേനല്‍ക്കാലത്ത് എന്താകും അവസ്ഥയെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നു. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ഒഴിച്ച് നിര്‍ത്തിയാല്‍ രാജ്യത്ത് പൊതുവേ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

താപനില 15 ഡിഗ്രിക്കും മുകളിലെത്തിയതോടെ രാജ്യത്തെ ബീച്ചുകളിലും പാര്‍ക്കുകളിലും തിരക്കേറി. മൂടല്‍ മഞ്ഞിന്റെ സാന്നിധ്യം ഇല്ലാതായതോടെ രാവിലെ നടക്കാനിറങ്ങുന്നവരുടെയും, സൈക്കിള്‍ സവാരിക്കാരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. വേള്‍ഡ് മീറ്റിരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം കാലാവസ്ഥാ വ്യതിയാനം മുന്‍പില്ലാത്ത വിധത്തില്‍ പ്രഭാവം പ്രകടമാക്കുകയാണെന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ വര്‍ഷത്തെ ആദ്യത്തെ രണ്ട് മാസം യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തുന്ന താപനില മുന്‍ കണക്കുകളെല്ലാം വലിയ തോതില്‍ മാറ്റി മറിക്കാന്‍ സാധ്യതയുണ്ട്.

പുതിയ രീതിയില്‍ താപനില റെക്കോര്‍ഡ് ചെയ്യപ്പെടാന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് സംജാതമാകാന്‍ പോകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വാദം. ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയിലും 1.21 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് ഇക്കുറി രേഖപ്പെടുത്തുന്നത്. അറ്റ്ലാന്റിക് തീരദേശ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥ തുടരും.

Share this news

Leave a Reply

%d bloggers like this: