149 യാത്രക്കാരും എട്ട് ജീവനക്കാരുമായി നയ്റോബിയിലേക്കു പോയ എത്യോപ്യന്‍ വിമാനം തകര്‍ന്നുവീണു

നെയ്‌റോബി (കെനിയ): എത്യോപ്യന്‍ വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും കൊല്ലപ്പെട്ടുവെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അഡിസ് അബാബയില്‍ നിന്ന് 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്ന് വീണത്.

കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. പറന്നുയര്‍ന്ന് അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. 33 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനകമ്പനിയുടെ വക്താവ് ഔദ്യോഗികമായി അറിയിച്ചു. 737- 800 എംഎഎക്സ് വിമാനമാണ് അപകടത്തില്‍പെട്ടത്. അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. ശേഷം 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും ആരെങ്കിലും മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും വിമാനകമ്പനി വ്യക്തമാക്കി. അഡിസ് അബാബയില്‍നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായിരിക്കുന്നത്. പ്രതിദിന സര്‍വീസ് നടത്തുന്ന ബോയിങ് 737 വിമാനമാണു തകര്‍ന്ന് വീണത്. ഇത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്നു പുറപ്പെട്ട വിമാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തകര്‍ന്നുവീഴുകയായിരുന്നു.

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇത്യോപ്യന്‍ പ്രധാനമന്ത്രി ട്വിറ്റര്‍ വഴി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്യോപ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനി ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും വിമാന കമ്പനി അറിയിച്ചു. നെയ്റോബിയില്‍ ഒട്ടേറെ യാത്രക്കാര്‍ വിമാനം കാത്തു നിന്നിരുന്നു. എത്യോപ്യയില്‍ തകര്‍ന്ന വിമാനത്തിന്റെ ഗണത്തില്‍പ്പെടുന്ന മറ്റൊരു വിമാനം കഴിഞ്ഞ ഒക്ടോബറില്‍ ഇന്തോനേഷ്യല്‍ തകര്‍ന്നിരുന്നു. അന്ന് 189 പേരാണ് കൊല്ലപ്പെട്ടത്.

എ എം

Share this news

Leave a Reply

%d bloggers like this: