എത്യോപ്യന്‍ വിമാനാപകടം; ബ്ലാക് ബോക്സ് കണ്ടെത്തി; അപകട കാരണം വ്യക്തമല്ല

നെയ്‌റോബി: തകര്‍ന്നു വീണ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. കോക്പിറ്റ് വോയിസ് റെക്കോര്‍ഡററും ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറുമാണ് കണ്ടെത്തിയിരിക്കുന്നത്. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. വിമാനത്തിലെ മുഴുവന്‍ ആളുകളും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 157 പേര്‍ മരിച്ചതായി എത്യോപ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. 149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

അഡിസ് അബാബയില്‍ നിന്ന് നയ്റോബിയിലേക്ക് തിരിച്ച ബോയിങ് 737 വിമാനം ഡിബ്ര സേത്ത് എന്നയിടത്താണ് തകര്‍ന്ന് വീണത്. പുതിയ വിമാനം, നല്ല കാലാവസ്ഥ, വ്യക്തമായ കാഴ്ച എന്നിവയെല്ലാം ഉണ്ടായിട്ടും ടേക്ക് ഓഫ് ചെയ്ത് ആറ് മിനിറ്റ് കഴിഞ്ഞപ്പോള്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

വിമാനം പൊങ്ങുന്നതിനനുസരിച്ച് വേഗം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടസൂചനയുമായി പൈലറ്റ് ബന്ധപ്പെട്ടപ്പോള്‍ വിമാനം തിരികെയിറക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് പറയുന്നു. അപകട കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. 2018 ഒക്ടോബറില്‍ ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചതിന് സമാനമായ അപകടമാണ് കഴിഞ്ഞ ദിവസമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: