ലിസ സ്മിത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ; മത പരിവര്‍ത്തനത്തിന് സഹായിച്ച അയര്‍ലണ്ടുകാരി സംശയത്തിന്റെ നിഴലില്‍

ഡബ്ലിന്‍ : ഇസ്ലാം മത പരിവര്‍ത്തനത്തിന് ലിസ സ്മിത്തിനെ സഹായിച്ച ഐറിഷ് സ്ത്രീ സംശയത്തിന്റെ നിഴലില്‍. ഇസ്ലാം മതം സ്വീകരിച്ച് താമസിയാതെ ലിസ സിറിയയിലേക്ക് കടന്നതിന്റെ പശ്ചാത്തലത്തില്‍ ലിസക്ക് ജിഹാദി ഗ്രൂപ്പിന്റെ സഹായം അയര്‍ലണ്ടില്‍ ലഭിച്ചിരിക്കാമെന്നും സംശയിക്കപ്പെടുന്നു. ലിസ മത പരിവര്‍ത്തനത്തിന് താത്പര്യം പ്രകടിപ്പിച്ച് തന്നില്‍ നിന്നും ഇസ്ലാം മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് കൂട്ടുകാരി കരോള്‍ ഡഫി പറയുന്നു.

ലിസയും , കരോളും ഒരുമിച്ചായിരുന്നു ഡണ്‍ ഡാല്‍കിലെ കമ്മ്യൂണിറ്റി മുസ്ലിം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് എത്തിയിരുന്നത്. ലിസക്ക് വേറെയും ചില മുസ്ലിം സൗഹൃദങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കരോള്‍ ഡഫി പറയുന്നത്. ലിസയ്ക്ക് സിറിയയിലേക്ക് കടക്കാന്‍ പദ്ധതി ഉണ്ടെന്ന കാര്യം അറിഞ്ഞില്ലെന്നും, കഴിഞ്ഞ ദിവസം സ്മിത്തിനെ കുറിച്ചുള്ള വാര്‍ത്ത ഞെട്ടിച്ച് കളഞ്ഞെന്നും കരോള്‍ വ്യക്തമാക്കി. മാത്രമല്ല ഇത് മാധ്യമ വാര്‍ത്ത അല്ലായിരുന്നെങ്കില്‍ ലിസയെക്കുറിച്ചുള്ള തീവ്രവാദ ബന്ധം താന്‍ വിശ്വസിക്കില്ലായിരുന്നുവെന്നും കരോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു.

സേന ഉദ്യോഗസ്ഥ ആണെങ്കിലും വളരെ ശാന്ത ശീലയായി ഇടപെടുന്ന സ്മിത്ത് എന്തുകൊണ്ട് ഭീകരവാദവുമായി ബന്ധം പുലര്‍ത്തി എന്നതിനും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടുക എന്ന ലക്ഷ്യത്തോടെയാണ് ലിസ സ്മിത്ത് സ്വയം മതപരിവര്‍ത്തനം നടത്തിയതെന്ന് തെളിയിക്കുന്നതാണ് ഇവരെക്കുറിച്ചുള്ള വാര്‍ത്തകള്‍. നാടുവിട്ട സ്മിത്ത് തുടര്‍ന്ന് കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ടുണീഷ്യന്‍ ജിഹാദിയെ വിവാദം ചെയ്ത് ഭീകരുടെ കേന്ദ്രങ്ങളില്‍ ജീവിച്ചുവരികയായിരുന്നു. യു.എസ് ഭീകരവിരുദ്ധ സേന നടത്തിയ ആക്രമണത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ഭീകരര്‍ മരിച്ചു വീണതോടെ ഇവര്‍ വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തുകയായിരുന്നു.

തീവ്രമായ മത ചിന്തയിലേക്ക് ലിസയെ നയിക്കാന്‍ ജിഹാദി സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടാകാമെന്നാണ് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തല്‍. സ്മിത്തിനെയും 2 വയസ്സ് ഉള്ള കുട്ടിയേയും സിറിയയില്‍ നിന്നും അയര്‍ലണ്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഐറിഷ് സര്‍ക്കാര്‍ തുടക്കമിട്ടത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇപ്പോഴും ജിഹാദികളുടെ കൂടെ നില്ക്കാന്‍ താത്പര്യപ്പെടുന്ന ഇവരെ അയര്‍ലണ്ടിലേക്ക് തിരിച്ചെത്തിക്കുന്നത് രാജ്യത്തിന്റെ സുരക്ഷക്ക് വെല്ലുവിളി ആയേക്കുമെന്ന് ആശങ്കകളുണ്ട്. ഭീകരവാദ സംഘടനകളുടെ ഭാഗമായതില്‍ ഇതുവരെ ഒരു കുറ്റസമ്മതം പോലും നടത്താത്ത വ്യക്തിയെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും തിരിച്ചെത്തിക്കാനുള്ള ശ്രമം അതീവ ഗൗരവമേറിയതാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: