തെരേസ മേയുടെ രാജി സാധ്യത കൂടുന്നു; യൂണിയനില്‍ നിന്ന് പിന്മാറാനുള്ള ബ്രെക്‌സിറ്റ് കരാര്‍ വീണ്ടും പാര്‍ലമെന്റ് വോട്ടില്‍ പരാജയപ്പെട്ടു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവരാനുള്ള ബ്രെക്സിറ്റ് കരാര്‍ വീണ്ടും ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുമ്പോഴുള്ള നിബന്ധനകളിന്മേലാണ് വോട്ടെടുപ്പ് നടന്നത്. ഇത് മൂന്നാം തവണയാണ് ബ്രക്സിറ്റ് കരാറിന്‍ മേലുള്ള ധാരണകള്‍ എംപിമാര്‍ വോട്ടിനിട്ട് തള്ളുന്നത്.

286 നെതിരെ 344 വോട്ടുകള്‍ക്കാണ് പരിഷ്‌കരിച്ച ബ്രക്സിറ്റ് കരാര്‍ വോട്ടിനിട്ടു തള്ളിയത്. ആദ്യ തീരുമാനപ്രകാരം ബ്രെക്സിറ്റ് പൂര്‍ത്തിയാക്കാനുള്ള അവസാന ദിനം ഇന്നലെയായിരുന്നു. വോട്ടെടുപ്പ് പരാജയപ്പെട്ടതോടെ ഏപ്രില്‍ 12ന് മുന്‍പായി പുതിയ കരാര്‍ തയ്യാറാക്കുകയോ, ധാരണ ഒന്നും ഇല്ലാതെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയോ ചെയ്യേണ്ടിവരും.

ബ്രക്സിറ്റ് കരാര്‍ പാസാക്കിയാല്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് തെരേസ മെയ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതോടെ കരാര്‍ പാര്‍ലമെന്റ് നിരാകരിച്ച സാഹചര്യത്തില്‍ തെരേസ മേ രാജിവയ്ക്കണമെന്ന ആവശ്യത്തിനും ശക്തി കൂടുകയാണ്. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ മേ രാജിവച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടു.

മറ്റൊരു നേതാവിന് മെച്ചപ്പെട്ടൊരു കരാര്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കാന്‍ മേ സ്ഥാനമൊഴിയണമെന്ന് യൂറോപ്യന്‍ ബ്രെക്സിറ്റ് ഗവേഷണ സംഘത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്റ്റീവ് ബേക്കറും ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് വോട്ടടുപ്പ് നടക്കുമ്പോള്‍ പാര്‍ലമെന്റിന് പുറത്ത് ഒത്തുകൂടിയത്. ഇനിയൊരു തിരഞ്ഞെടുപ്പിലേക്കാണോ യുകെ പോകുന്നതെന്നാണ് സംശയം. ഒപ്പം ബ്രക്സിറ്റിന്മേല്‍ വീണ്ടും ഹിത പരിശോധന നടത്തുമോ എന്നും ചര്‍ച്ചയുണ്ട്. ഏതായാലും സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്. മേ വൈകാതെ രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട് .

Share this news

Leave a Reply

%d bloggers like this: