കേരളത്തിലെ മഹാ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ അപാകത; അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയെന്ന് അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേരളത്തിലുണ്ടായ മഹാ പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പുകള്‍ നല്കിയില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ശക്തമായ മഴയില്‍ ഡാം മാനേജ്മെന്റില്‍ വന്ന വീഴ്ചയാണ് കോടിക്കണക്കിന് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ പ്രളയത്തിന് കാരണമെന്ന് അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമായി ഒഴുകിയെത്തിയതോടെയാണ് പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രളയാനന്തരം ഉണ്ടായ ചര്‍ച്ചകളില്‍ ഡാം വിഷയങ്ങള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നൊരു വാദം ശക്തമായി ഉയര്‍ന്നു വന്നിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടന്ന് ചെയ്ത പ്രവര്‍ത്തിയാണ് വന്‍ പ്രളയത്തില്‍ കലാശിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തരമൊരു കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് കേസിനെ സാധൂകരിക്കുന്ന വിധത്തില്‍ അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: