അയര്‍ലണ്ടിന്റെ വളര്‍ച്ചാ നിരക്കില്‍ ആശങ്ക അറിയിച്ച് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ ചില തളര്‍ച്ചകള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആരംഭത്തില്‍ വളര്‍ച്ചാ നിരക്ക് 4.5 ശതമാനം ആയിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും മൂന്ന് മാസത്തിനൊടുവില്‍ ഈ വര്‍ഷത്തെ ജി.ഡി.പി നിരക്ക് 4.2 ശതമാനമായി കുറയാന്‍ സാധ്യത ഉള്ളതായി സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി. അന്തര്‍ദേശീയ വ്യാപാരത്തിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തിയത് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അയര്‍ലണ്ടിന്റെ കയറ്റുമതി-ഇറക്കുമതി 2 ശതമാനത്തോളം രേഖപ്പെടുത്തി. വില വര്‍ദ്ധനവ് ഉപഭോക്താക്കളുടെ പര്‍ച്ചേസിംഗ് 2 .5 ശതമാനം കുറച്ചു. അയര്‍ലണ്ടിന്റെ അന്തര്‍ദേശീയ വ്യാപാര നിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞത് വളര്‍ച്ചാ നിരക്കിനെ ബാധിക്കും. തൊഴിലില്ലായ്മ കുറഞ്ഞത് രാജ്യത്തിന് ഗുണകരമായെങ്കിലും വരും വര്‍ഷങ്ങളില്‍ ഈ നിരക്ക് ഉയര്‍ന്നേക്കുമെന്ന ആശങ്കയും സെന്‍ട്രല്‍ ബാങ്ക് പങ്കുവെയ്ക്കുന്നു.

രാജ്യത്തെ വന്‍ സാമ്പത്തിക ശക്തികള്‍ക്കും വളര്‍ച്ചാ നിരക്കിലെ കുറവ് അനുഭവപ്പെട്ടു തുടങ്ങിയെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഡയറക്ടര്‍ മാര്‍ക്ക് കാസിഡി വ്യക്തമാക്കി. ബ്രെക്‌സിറ്റ് ഉണ്ടാക്കിയ അനിശ്ചിതത്വവും ഐറിഷ് സാമ്പത്തിക മേഖലക്ക് ചില വിള്ളലുകള്‍ ഉണ്ടാക്കിയതായും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകരാജ്യങ്ങളില്‍ അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവ് ഉണ്ടാകുമെന്ന് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനത്തിന് തൊട്ടുപുറകേയാണ് ഐറിഷ് സെന്‍ട്രല്‍ ബാങ്കും ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ലോക സാമ്പത്തിക ശക്തികളായ ചൈനയും യു.എസ്സും തമ്മില്‍ വ്യാപാര രംഗത്ത് ഉണ്ടായ ചില അസ്വാരസ്വങ്ങള്‍ ലോകവ്യാപാരത്തെ പ്രതികൂള്‍മായി ബാധിച്ചതായി ഡബ്ല്യൂ.ടി.ഓ റിപ്പോര്‍ട്ടില്‍ പറയുന്നു. വികസ്വര രാജ്യങ്ങളുടെ കടം ലോക സാമ്പത്തിക വളര്‍ച്ചക്ക് മങ്ങലേല്‍പ്പിച്ച മറ്റൊരു ഘടകമായി ലോക വ്യാപാര സംഘടന ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം, സമീപ ഭാവിയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്ന മുന്നറിയിപ്പും വ്യപാര സംഘടന നല്‍കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: