സുരേഷ് ഗോപിക്കെതിരെയുള്ള നടപടി; അനുപമയെ അനുപമ ക്ലിന്‍സന്‍ ജോസഫ് ആക്കി ഫേസ്ബുക്കില്‍ വര്‍ഗീയ പ്രചരണം…

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ നോട്ടീസ് നല്‍കിയ ജില്ലാ കളക്ടര്‍ അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ശരണം വിളിച്ചു പ്രതിക്ഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്. ശരണം വിളികളും അസഭ്യവും പറഞ്ഞാണ് ഇക്കൂട്ടര്‍ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ എത്തിയത്. കളക്ടറുടെ യഥാര്‍ത്ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നു തുടങ്ങി ധാരാളം കമന്റുകളാണ് അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ എത്തിയത്. എന്നാല്‍ അനുപമയെ അനുകൂലിച്ചും നിരവധിപേര്‍ എത്തുന്നുണ്ട്.

ഈ വിഷയത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നും കളക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ടിക്കാറാം മീണ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം റോഡ് ഷോയ്ക്കിടെ അയ്യപ്പന്റെ പേരില്‍ സുരേഷ് ഗോപി വോട്ട് അഭ്യര്‍ത്ഥിചതാണ് ജില്ലാ കളക്ടര്‍ ചട്ട ലംഘനമായി കണക്കാക്കി നോട്ടീസ് അയച്ചത്. ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. അനുപമ പിണറായിക്ക് ദാസ്യ വേല ചെയ്യുകയാണ് എന്നാണ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചത്.

രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും വോട്ടര്‍മാരുടെ ജാതിയുടെയും സാമുദായികവികാരത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചിരുന്നു. ജാതികള്‍, സമുദായങ്ങള്‍, മതവിഭാഗങ്ങള്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവര്‍ തമ്മില്‍ ഭിന്നതയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്. ആരാധനാലയങ്ങള്‍ ഒരുതരത്തിലുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുമുള്ള വേദിയായി ഉപയോഗിക്കരുത്. മറ്റു പാര്‍ട്ടികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശിക്കരുത്. പരിശോധിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിലും വളച്ചൊടിച്ചും നടത്തുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ളത്. രാജ്യത്തിന്റെ സൈനികരുടെ ചിത്രങ്ങളോ സൈനികര്‍ പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളോ രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പരസ്യങ്ങളില്‍ ഉപയോഗിക്കരുത്. സൈനികര്‍ ഉള്‍പ്പെടുന്ന പ്രവൃത്തികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗപ്പെടുത്താന്‍ പാടില്ല എന്നിരിക്കെയാണ് സുരേഷ് ഗോപി ഇലക്ഷന്‍ പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയത്.

ഡികെ

Share this news

Leave a Reply

%d bloggers like this: