ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേസിലെ മുഖ്യ സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേലിന് സംരക്ഷണം കൊടുക്കാന്‍ കോടതി ഉത്തരവ്

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിലെ മുഖ്യസാക്ഷികളിലൊരാളായ സിസ്റ്റര്‍ ലിസി വടക്കേലിന് സംരക്ഷണമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി. കോട്ടയം ജില്ല കോടതിയുടെതാണ് ഉത്തരവ്. ഒരു ക്രിസ്ത്യന്‍ സ്ത്രീ നടത്തുന്ന കോട്ടയം ആര്‍പ്പൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സി. ലിസിയെ പാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സിസ്റ്റര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയശേഷം സി. ലിസിയെ പുതിയ താമസസ്ഥലത്തേക്ക് മാറ്റാനാണ് കോടതി പറഞ്ഞരിക്കുന്നത്. അപായസാധ്യത നിലനില്‍ക്കുന്നതും കരുതല്‍ വേണ്ടതുമായ ഗ്രൂപ്പില്‍ ആണ് സി. ലിസി വടക്കേലിനെ കോടതി പരിഗണിച്ചിരിക്കുന്നത്.

2018 ഡിസംബര്‍ ആഞ്ചിന് സുപ്രിം കോടതി പുറപ്പെടുവിച്ച വിറ്റ്നെസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം ഇന്ത്യയില്‍ ഉണ്ടാകുന്ന ആദ്യത്തെ കോടതി ഉത്തരവ് ആണ് സി. ലിസിയുടെ കാര്യത്തില്‍ കോട്ടയം ജില്ല കോടതി നടത്തിയിരിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിഷപ്പ് ഫ്രാങ്കോ കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ വരുന്ന ശ്രദ്ധേയമായൊരു വാര്‍ത്ത കൂടിയാണിത്.

കന്യാസ്ത്രീ പീഡനക്കേസിലെ നിര്‍ണായക സാക്ഷിയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ് സി സി) അംഗമായ സി. ലിസി വടക്കേല്‍. ബിഷപ്പിനെതിരേ മൊഴി നല്‍കിയെന്ന വിവരം പുറത്തു വന്നതിനു പിന്നാലെ പിന്നാലെ ഇവരെ എഫ്സിസിയുടെ വിജയവാഡ പ്രോവിന്‍സിലേക്ക് സ്ഥലം മാറ്റിയിരുന്നു. അവിടെ വച്ച് തനിക്ക് മാനസികവും വൈകാരികവുമായ പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്നും, യാതൊരു വിധ ബാഹ്യബന്ധങ്ങള്‍ക്കും അനുവദിക്കാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നും ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ഘട്ടത്തില്‍ രക്ഷപ്പെട്ട് കേരളത്തിലേക്ക് പോരുകയാണുണ്ടായതെന്നും സി. ലിസി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

തിരിച്ചു വന്നശേഷം മൂവാറ്റുപുഴയില്‍ എഫ്സിസി വിജയവാഡ പ്രൊവിന്‍സിനു കീഴിലുള്ള ജ്യോതിര്‍ഭവനില്‍ ആയിരുന്നു സി. ലിസി താമസിച്ചിരുന്നത്. കോടതി ഉത്തരവോടെയായിരുന്നു ജ്യോതിര്‍ഭവനില്‍ തമാസിച്ചിരുന്നത്. സി. ലിസിയുടെ വെളിപ്പെടുത്തലുകള്‍ വിവാദമായതോടെ പ്രതികരണവുമായി രംഗത്തുവന്ന എഫ്സിസി അധികൃതര്‍ സിസ്റ്റര്‍ക്കെതിരേ ഗുതുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്.

ബിഷപ്പിനെതിരേ മൊഴി കൊടുത്തതിന്റെ പേരില്‍ പ്രതികാരം വീട്ടുന്നവെന്ന ആരോപണം നുണയാണെന്നും മൂവാറ്റുപുഴയില്‍ അനധികൃതമായാണ് താമസിക്കുന്നതെന്നും എഫ്സിസി വിജയവാഡ പ്രൊവിന്‍സ് സുപ്പീരിയര്‍ പ്രസ്താവനയിറക്കി. സി.ലിസിയോട് തിരിച്ച് വിജയവാഡയിലേക്ക് എത്തണമെന്നും അല്ലെങ്കില്‍ മൂവാറ്റുപുഴയിലെ മഠത്തില്‍ നിന്നും പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് കടുത്ത പീഡനങ്ങളാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്നു സി. ലിസി പുറത്തു പറഞ്ഞിരുന്നു. ഭക്ഷണം നല്‍കാതെയും ചികിത്സ ലഭ്യമാക്കാതെയും തന്നെ ശാരീരികവും മാനസികമവുമായി പീഡിപ്പിക്കുകയാണെന്നും ആരോടും മിണ്ടാനും കാണാനും അനുവദിക്കാതെ തടങ്കലില്‍ എന്നോണമാണ് മഠത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും സി. ലിസി വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയായിരുന്നു സി. ലിസിയുടെ ബന്ധുക്കള്‍. എന്നാല്‍ സി. ലിസി തിരികെ വരാത്തപക്ഷം മഠത്തില്‍ നിന്നും പുറത്താക്കുമെന്ന നിലപാടാണ് എഫ്സിസി തുടര്‍ന്നത്.

ബിഷപ്പ് ഫ്രാങ്കോ കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സഹചര്യത്തില്‍ സാക്ഷികളായവര്‍ക്ക് കൂടുതല്‍ സംരക്ഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇവരില്‍ പ്രധാനമായും സംരക്ഷണം ആവശ്യമായ വ്യക്തിയായി ചൂണ്ടിക്കാട്ടിയിരുന്നതും സി. ലിസി വടക്കേലിനെയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കോടതി ഉത്തരവ് സി. ലിസിക്ക് അനുകൂലമായി വന്നിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: