കോടതിയലക്ഷ്യ ഹരജിയില്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച് പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി. ഒരാഴ്ച സമയമാണ് വിശദീകരണം നല്‍കാന്‍ രാഹുലിന് കോടതി സമയം നല്‍കിയിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ച കോടതിയെ വിശദീകരണം ബോധിപ്പിക്കണം.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ‘കാവല്‍ക്കാരന്‍ കള്ളനാണെ’ന്ന് തെളിയിച്ചിരിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് കാണിച്ചാണ് ബിജെപി എംപി മീനാക്ഷി ലേഖി ഹരജി നല്‍കിയത്. ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന തന്റെ പ്രയോഗത്തെ സുപ്രീംകോടതി ഉത്തരവുമായി കൂട്ടിക്കെട്ടി, അത് കോടതിയുടേതാണെന്ന തരത്തില്‍ വ്യാഖ്യാനിക്കാന്‍ ഗാന്ധി ശ്രമിച്ചെന്നാണ് ലേഖിയുടെ ഹരജിയുടെ സാരം.

ദി ഹിന്ദു ദിനപ്പത്രം ചോര്‍ത്തിയ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട പ്രതിരോധമന്ത്രാലയ രേഖകള്‍ കേസില്‍ തെളിവായി പരിഗണിച്ച് പരിശോധിക്കേണ്ടതുണ്ടോയെന്ന വിഷയത്തില്‍ സുപ്രീംകോടതി തീരുമാനമെടുത്തിരുന്നു. രേഖകള്‍ പരിശോധിക്കാമെന്നായിരുന്നു തീരുമാനം. ഈ തീരുമാനം റാഫേല്‍ കേസില്‍ ‘കാവല്‍ക്കാരന്‍ കള്ളനാ’ണെന്ന് തെളിയിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

”മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കു മുമ്പില്‍ താന്‍ നടത്തിയ പ്രസ്താവനയെ ഈ കോടതിയുടേതാണെന്ന് തെറ്റായി ആരോപിച്ചതായി കാണുന്നു. ഇത്തരമൊരു നിരീക്ഷണം കോടതി ഒരിക്കലും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കട്ടെ. രേഖകളുടെ സ്വീകാര്യതയെ സംബന്ധിച്ച തീരുമാനമെടുക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്.” -കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഈ കേസ് പരിഗണനയ്‌ക്കെടുത്തിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: