പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു. ഒഡീഷയില്‍ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറല്‍ ഒബ്സര്‍വര്‍ ആയി നിയോഗിച്ചിരുന്ന മുഹമ്മദ് മുഹസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒഡീഷയിലെ സംബാല്‍പൂരിലാണ് സംഭവം. എസ് പി ജി സംരക്ഷണമുള്ളവരോട് പെരുമാറേണ്ട രീതി സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ ലംഘിച്ചു എന്ന് പറഞ്ഞാണ് നടപടി.

എസ് പി ജി സംരക്ഷണമുള്ളവരെ ഇത്തരത്തില്‍ പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിശോധന കാരണം പ്രധാനമന്ത്രിയുടെ യാത്ര 15 മിനുട്ട് വൈകി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ ഹെലികോപ്റ്റര്‍ റൂര്‍കേലയില്‍ വച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് പരിശോധിച്ചിരുന്നു.

സംബാല്‍പൂരില്‍ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്ററും ഫ്ളൈിംഗ് സ്‌ക്വാഡ് പരിശോധിച്ചിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തില്‍ നിന്ന് സുരക്ഷാപരിശോധനയില്‍ ഉള്‍പ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ വലിയ വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: