മൊസാംബിക്കില്‍ കനത്ത നാശം വിതച്ച് കടന്നുപോയ ഇഡൈ ചുഴലിക്കാറ്റിന് പിറകെ ‘കെനീത്ത്’; ഭീതിയില്‍ മൊസാംബിക്ക്, വ്യാപക നാശനഷ്ടം…

മൊസാംബിക്കില്‍ കനത്ത നാശം വിതച്ച് കടന്നുപോയ ഇഡൈ ചുഴലിക്കാറ്റിന് പിറകെ കെനീത്ത് ചുഴലിക്കാറ്റും രാജ്യത്ത് ഭീഷണി ഉയര്‍ത്തുന്നു. വടക്കന്‍ മൊസാംബിക്കില്‍ കനത്ത മണ്ണിടിച്ചില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത കെനീത്ത് ചുഴലിക്കാറ്റില്‍ ഇതുവരെ മുന്നു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് സഞ്ചരിക്കുന്നത്. മൊസാംബിക്കിനെ ബാധിക്കുന്ന ശക്തമേറിയ ചുഴലിക്കാറ്റായിരിക്കും കെനീത്ത് എന്നാണ് വിലയിരുത്തല്‍.

മൊസാംബിക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇതിനോടകം 30,000ത്തോളം പേരെ ഇതിനോടകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പറയുന്നു. കഴിഞ്ഞ മാസം വീശിയടിച്ച ഇഡൈ ചുഴലിക്കാറ്റില്‍ നൂറുകണക്കിന് പേരാണ് മൊസാംബിക്കില്‍ മാത്രം കൊല്ലപ്പെട്ടത്. മൊസാംബിക്കിന് പുറമെ മലാവി, സിംബാബവേ എന്നിവിടങ്ങളിലായി ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാപക നാശനഷ്ടങ്ങളും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്. മഡഗാസ്‌കര്‍ തീരത്ത് രൂപം കൊണ്ട കെനീത്ത് ചുഴലിക്കാറ്റ് ബുധനാഴ്ചയാണ് മൊസാംബിക്കിനെ തൊട്ടത്.

മൊസാംബിക്കില്‍ നിര്‍ബന്ധിതമായ ഒഴിപ്പിക്കല്‍ നടപടികളാണ് പുരോഗമിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 680,000ത്തിലധികം പേരെ കെനീത്ത് നേരിട്ട് ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. രാജ്യത്തെ വിമാന സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, വരുന്ന ദിവസങ്ങളില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. 600 മില്ലീ മീറ്റര്‍ മഴവരെ പ്രതീക്ഷിക്കുന്നെന്നാണ് യുഎന്‍ കണക്കുകള്‍ പറയുന്നത്. കെനീത്തിന്റെ പശ്ചാത്തലത്തില്‍ മൊസാംബിക്കിന്റെ പശ്ചാത്തലത്തില്‍ വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ഫ്രാന്‍സ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. 16 അടിവരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശം.

Share this news

Leave a Reply

%d bloggers like this: