ഹിമാലയത്തില്‍ ‘യതി’യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി സൈന്യം; തെളിവില്ലെന്ന് ശാസ്ത്രലോകം; രണ്ടായി തിരിഞ്ഞ് സോഷ്യല്‍ മീഡിയ

മിത്തുകളില്‍ പ്രതിപാദിക്കുന്നതും നിലവിലുണ്ടെന്ന് ഇതുവരെ തെളിവുകളൊന്നും ലഭിക്കാത്തതുമായ ‘യതി’യുടെതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി കരസേന. ഇന്ത്യന്‍ ആര്‍മിയുടെ പര്‍വതാരോഹക സംഘമാണ് പുതിയ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്.

ഹിമാലയവുമായി ബന്ധപ്പെട്ട് നേപ്പാള്‍ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന നാടോടിക്കഥകളില്‍ യതിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. യതിയെ കണ്ടതായ വാര്‍ത്തകള്‍ മൂന്നു നൂറ്റാണ്ടോളമായി പ്രചരിക്കുന്നുമുണ്ട്. എന്നാല്‍ അവയൊക്കെ മറ്റൊരാള്‍ കണ്ടതായും തങ്ങളുടെ പിന്‍തലമുറക്കാര്‍ കണ്ടിട്ടുണ്ടെന്നും ഉള്ള രീതിയിലാണ്. സാധാരണ മനുഷ്യനേക്കാള്‍ ഉയരം കൂടിയ വമ്പന്‍ ആള്‍ക്കുരങ്ങിന്റെ രൂപത്തിലുള്ള മഞ്ഞു മനുഷ്യന്‍ എന്നാണ് ഈ കഥകളിലൊക്കെ പറയുന്നത്. ഇതിനെ തുടര്‍ന്ന് 1800-കളിലും 1900-ത്തിന്റെ അവസാനം വരെയും പാശ്ചാത്യ ശാസ്ത്രജ്ഞര്‍ അടക്കം ഇതിന്റെ നിലനില്‍പ്പിനെ കുറിച്ച് പഠനങ്ങള്‍ നടത്തുകയും എന്നാല്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

ഇതിന്റെ ഏറ്റവും ഒടുവിലാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയതായി ഇന്ത്യന്‍ ആര്‍മിയും രംഗത്തെത്തിയിരിക്കുന്നത്. ഹിമാലയത്തിലെ മക്കാലു-ബാരുണ്‍ നാഷണല്‍ പാര്‍ക്കിനടുത്താണ് 35X15 വിസ്താരമുള്ള കാല്‍പ്പാദങ്ങള്‍ കണ്ടെത്തിയതെന്നാണ് ആര്‍മിയുടെ അവകാശവാദം. ഇതിന്റെ ചിത്രങ്ങളും ആര്‍മി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ഒറ്റക്കാല്‍ മാത്രമേയുള്ളൂ.

എന്നാല്‍ ഇത് ഹിമക്കരടികളുടെ വ്യത്യസ്ത ഇനത്തില്‍ പെട്ടതാണ് എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇത്തരത്തില്‍ 2017-ല്‍ പുറത്തിറങ്ങിയ ഒരു പഠനം പറയുന്നത് ഒന്നുകില്‍ ഏഷ്യന്‍ ബ്ലാക്ക് ബിയര്‍, ടിബറ്റന്‍ ബ്രൗണ്‍ ബിയര്‍ അല്ലെങ്കില്‍ ഹിമാലയന്‍ ബ്രൗണ്‍ ബിയര്‍ എന്നിവയിലൊന്നാണ് ഇതെന്നാണ്. ഇത്തരം കരടികളില്‍ ഈ മിത്തുക്കളില്‍ പറയുന്ന യതിയുടെ ജൈവിക സവിശേഷതകള്‍ കാണാന്‍ കഴിയുമെന്നാണ് തങ്ങളുടെ പഠനങ്ങള്‍ പറയുന്നതെന്ന് യൂണിവേഴ്സിറ്റി ഓഫ് ബഫലോ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസറും ശാസ്ത്രജ്ഞനുമായ ഷാര്‍ലെറ്റ് ലിന്‍ഡ്ക്വിസ്റ്റ് പറയുന്നു.

എന്തായാലും ഇന്ത്യന്‍ ആര്‍മിയുടെ കണ്ടെത്തലുകളെ വ്യത്യസ്ത രൂപത്തിലാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഹിമക്കരടികളുടെ സാന്നിധ്യം കണ്ടെത്തിയത് അഭിമാനിക്കാവുന്ന നേട്ടമാണെന്നും അതിനെ യതി എന്നൊന്നും വിളിക്കരുതെന്നും ഒരു വിഭാഗം പറയുമ്പോള്‍ ‘യതി’യെ കണ്ടെത്തിയ ആര്‍മിയെ അഭിനന്ദിക്കുകയാണ് ഒരു വിഭാഗം. ഇതിനിടെ ഇക്കാര്യം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുവദിക്കാതിരുന്നത് കഷ്ടമായിപ്പോയി എന്നുള്ള പരിഹാസങ്ങളും ആര്‍മിയുടെ ട്വീറ്റിനു താഴെയുണ്ട്.

ഇതില്‍ ആര്‍എസ്എസ് നേതാവായ തരുണ്‍ വിജയുടെ ട്വീറ്റും നിരവധി പേരുടെ പരിഹാസത്തിന് കാരണമാകുന്നുണ്ട്. ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയതിന് ആര്‍മിയെ അഭിനന്ദിക്കുന്ന തരുണ്‍ വിജയ്, എന്നാല്‍ ഇന്ത്യക്കാര്‍ എന്ന നിലയില്‍ ‘യതി’യെ വന്യമൃഗം (Beast) എന്നു വിളിക്കാന്‍ പാടില്ലെന്നും അവയോട് ബഹുമാനം കാണിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: