നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വെടിവെയ്പ്: രണ്ട് മരണം, മൂന്നുപേര്‍ അതീവഗുരുതരാവസ്ഥയില്‍…

ഷാര്‍ലറ്റിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ ഇന്നലെ അപ്രതീക്ഷിതമായുണ്ടായ വെടിവെയ്പ്പില്‍ രണ്ട് മരണം. മൂന്നുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സെമസ്റ്റര്‍ അവസാന പരീക്ഷയ്ക്ക് മുന്‍പായി ക്ളാസ്സുകള്‍ അടയ്ക്കുന്ന ദിവസമായ ഇന്നലെ ഉച്ചയോടെയാണ് തോക്കുമായെത്തിയ ഒരു യുവാവ് ക്യാംപസ് അങ്കണത്തില്‍ നിന്ന ആളുകള്‍ക്ക് നേരെ നിറയൊഴിക്കുന്നത്.

സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ത്ഥിയായ 22 വയസ്സുകാരനായ ട്രിസ്റ്റാന്‍ ആന്‍ഡ്രു റ്ററല്‍ ആണ് വെടിയുതിര്‍ത്തതെന്നാണ് പോലീസ് കണ്ടെത്തുന്നത്. കൊല്ലപ്പെട്ടവര്‍ സര്‍വകലാശാലയിലെ തന്നെ ഉദ്യോഗസ്ഥരോ വിദ്യാര്‍ത്ഥികളോ ആണോ എന്നതിനെ സംബന്ധിച്ചും റ്ററല്‍ എന്തിനാണ് ഇവരെ വെടിവെച്ച് വീഴ്ത്തിയതെന്നതിനെ സംബന്ധിച്ചും ഇപ്പോഴും പോലീസിന് വ്യക്തത വന്നിട്ടില്ല. വെടിവെപ്പിന് പിന്നില്‍ മറ്റ് സംഘടനകളോ ആളുകളോ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഈ യുവാവ് ഒറ്റയ്ക്ക് ചെയ്തതാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വെടിവെയ്പ്പ് നടന്നതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും പരിഭ്രാന്തരാകുകയായിരുന്നു. സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു സംഭവമെന്നും ഇത് വളരെ സമാധാനമുള്ള ഇടമായിരുന്നുവെന്നുമാണ് അധ്യാപകരില്‍ പലരും പ്രതികരിച്ചത്. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ പോലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി യുവാവിന്റെ കയ്യില്‍ നിന്നും ആയുധം വാങ്ങുകയായിരുന്നു. വെടിയേറ്റ രണ്ട് പേര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ നിസ്സാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.

അടുത്ത ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അധികൃതര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇന്നലെ ഉച്ച മുതല്‍ സര്‍വകലാശാലയ്ക്ക് വൈസ് ചാന്‍സിലര്‍ അവധി പ്രഖ്യാപിച്ചു. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളും ഏകദേശം അത്ര തന്നെ ജീവനക്കാരും ഉള്ള പ്രശസ്തമായ ക്യാംപസാണ് നോര്‍ത്ത് കരോലിന സര്‍വകലാശാലയുടേത്.

Share this news

Leave a Reply

%d bloggers like this: