ബുര്‍ക്കിനാ ഫാസോയിലും ക്രൈസ്തവ ദേവാലയത്തില്‍ ആക്രമണം; 6 മരണം

ബുര്‍ക്കിനാ ഫാസോ: ശ്രീലങ്കയിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന വെടിവെപ്പില്‍ ആറു വിശ്വാസികള്‍ കൊല്ലപ്പെട്ടു. 2016ല്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ ഇവിടെ വ്യാപകമായതിനുശേഷം ഒരു ദേവാലയത്തിനു നേരെ നടക്കുന്ന ആദ്യ ആക്രമണമാണ് ഇത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സോവും പ്രവിശ്യയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയത്തിന് നേരെ ആക്രമണം നടന്നത്. വെടിവെപ്പില്‍ ദേവാലയത്തിലെ പാസ്റ്ററും, അദ്ദേഹത്തിന്റെ രണ്ടു മക്കളും, മൂന്ന് വിശ്വാസികളുമാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

എന്നാല്‍ ആരാണ് ആക്രമണം നടത്തിയത് എന്നുള്ള കാര്യം സ്ഥിരീകരണമായിട്ടില്ല. അടുത്തിടെ ഇവിടെ നടന്ന ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനകളായിരുന്നു. പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദ തീവ്രവാദികളും, പ്രാദേശിക തീവ്രവാദി സംഘടനയായ അന്‍സറുല്‍ ഇസ്ലാം എന്ന സംഘടനയും സജീവമാണ്.

ഒരുമാസം മുമ്പ് പ്രദേശത്ത് നിന്ന് കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടു പോയിരിന്നു. എന്നാല്‍ ഇതിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നൈജീരിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തിന് വലിയ വളര്‍ച്ചയാണെങ്കിലും ക്രൂരമായ പീഡനങ്ങള്‍ക്കാണ് ക്രൈസ്തവ സമൂഹം ഓരോദിവസവും ഇരയാകുന്നത്.

Share this news

Leave a Reply

%d bloggers like this: