പൂജാരിയായ മുത്തച്ഛന്റെ ചുമര്‍ പ്രാര്‍ത്ഥനയുടെ രഹസ്യം പരസ്യമാക്കി പേരക്കുട്ടി; 100 വര്‍ഷം മുന്‍പ് നടന്ന വിഗ്രഹ മോഷണം പുറത്ത് വന്നതിങ്ങനെ…

700 വര്‍ഷം പഴക്കമുള്ള വിഗ്രഹമായിരുന്നു മധുരയിലെ മേലൂരുള്ള ക്ഷേത്രത്തിലുള്ള ദ്രൗപതി അമ്മന്റേത്. എന്നാല്‍ 1915ല്‍ ഈ വിഗ്രഹം മോഷ്ടിക്കപ്പെട്ടു. അന്നത്തെ ബ്രിട്ടീഷ് പോലീസിന് വരെ പരാതി നല്‍കിയിട്ടും വിഗ്രഹം വീണ്ടെടുക്കാന്‍ സാധിച്ചില്ല. നൂറ് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ആ വിഗ്രഹം കണ്ടെത്തി, ഒരു പഴയ വീടിന്റെ ചുമരില്‍ ഒളിപ്പിച്ച നിലയില്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്ഷേത്രത്തിലെ രണ്ട് പൂജാരികളില്‍ ഒരാളാണ് വിഗ്രഹം മോഷ്ടിച്ചത്. കറുപ്പസ്വാമി എന്ന പൂജാരിയാണ് 700 വര്‍ഷം പഴക്കമുള്ള വിഗ്രഹം കവര്‍ന്നതെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ക്ഷേത്രത്തിലെ മറ്റൊരു പൂജാരിയുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുത്തശ്ശന്റെ മോശം പ്രവൃത്തി തിരുത്താന്‍ പേരക്കുട്ടി രംഗത്ത് വന്നതോടെയാണ് സംഭവങ്ങള്‍ പുറത്തുവന്നത്. മുത്തശ്ശന്‍ ദൈവത്തിന്റെ ചിത്രങ്ങള്‍ക്കും, രൂപങ്ങള്‍ക്കും മുന്നില്‍ നിന്നും പ്രാര്‍ത്ഥിക്കാതെ ഒരു ചുമരിന് അഭിമുഖമായി പ്രാര്‍ത്ഥിക്കുന്നത് പതിവായിരുന്നു. ഇതില്‍ സംശയം തോന്നിയ പേരക്കുട്ടി മുരുകേശനാണ് ചുമരില്‍ ഒളിപ്പിച്ച വിഗ്രഹം കണ്ടെത്തിയത്.

തങ്ങളുടെ കുടുംബത്തിലെ പല തലമുറകള്‍ക്കും ഇത് മൂലം ദോഷമുണ്ടായെന്നാണ് മുരുകേശന്‍ പറയുന്നത്. ചുമരില്‍ നിന്നും വീണ്ടെടുത്ത 1.5 അടിയുള്ള വിഗ്രഹം അടുത്ത മാസം ക്ഷേത്രോത്സവത്തിന് കൈമാറും.

Share this news

Leave a Reply

%d bloggers like this: