51 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ്; രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന അമേത്തിയിലടക്കം അഞ്ചാം ഘട്ട പോളിംങ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ പ്രചാരണം അവസാനിച്ചു…

കഴിഞ്ഞ തവണ ഒരു ലക്ഷത്തി ഏഴായിരം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി ബിജെപിയിലെ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത്. ഇത്തവണ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചത് അമേത്തിയില്‍ പരാജയപ്പെടുമെന്ന ഭയം കൊണ്ടാണെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ ന്യുനപക്ഷങ്ങള്‍ കൂടുതല്‍ ഉള്ള വയനാട്ടില്‍ എത്തിയതെന്ന് പ്രധാനമന്ത്രി തന്നെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് വിജയിക്കുകയെന്നതല്ല, മറിച്ച് ഭൂരിപക്ഷം വര്‍ധിപ്പിക്കുയെന്നത് അനിവാര്യമാണ്.

എസ്പിയും ബിഎസ്പിയും സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുന്നില്ലെന്നത് രാഹുലിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. അതേസമയം സ്മൃതി ഇറാനി കഴിഞ്ഞ കുറെക്കാലമായി അമേത്തിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുകൂല പ്രതികരണം വോട്ടര്‍മാരില്‍ ഉണ്ടാക്കുമോ എന്ന വിലയിരുത്തലും ഉണ്ട്. റായ്‌റേലിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം സോണിയാഗാന്ധി പ്രചാരണ രംഗത്തുണ്ടായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളായിരുന്നു കാരണമെന്നാണ് സൂചന. മകള്‍ പ്രിയങ്കാ ഗാന്ധിയാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അതുകൊണ്ട് തന്നെ മികച്ച വിജയം എന്നത് പ്രിയങ്കയുടെ രാഷ്ട്രീയ മികവിന്റെ ഉദാഹരണമായും വിലയിരുത്തപ്പെടും.

2014 ലെ വോട്ട് വിഹിതം കണക്കാക്കിയാല്‍ ഉത്തര്‍പ്രദേശില്‍ അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 12 സീറ്റുകളിലെങ്കിലും ബിജെപി കനത്ത വെല്ലുവിളി നേരിടുന്നുവെന്ന് വേണം കണക്കാക്കാന്‍. ഈ മണ്ഡലങ്ങളില്‍ എസ്പിയ്ക്കും ബിഎസ്പിയ്ക്കും കിട്ടിയ വോട്ടുകളെക്കാള്‍ കുറവായിരുന്നു ബിജെപിക്ക് കിട്ടിയ ഭൂരിപക്ഷം. ഉത്തര്‍പ്രദേശില്‍ 14 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ 12ഉം, പശ്ചിമബംഗാളിലും മധ്യപ്രദേശിലും ഏഴും ബിഹാറില്‍ അഞ്ചും സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും നാളെ നടക്കും. ഝാര്‍ഖണ്ടില്‍ നാലിടത്താണ് തിങ്കളാഴ്ച തെരഞ്ഞെടുപ്പ്.

Share this news

Leave a Reply

%d bloggers like this: