വിവാഹസദ്യക്ക് ഉയര്‍ന്ന ജാതിക്കാരന്റെ അടുത്തിരുന്നതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു…

വിവാഹപ്പന്തലില്‍ ഉയര്‍ന്ന ജാതിക്കാരന്റെ കൂടെയിരുന്ന് ഭക്ഷണം കഴിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തരാഖണ്ഡില്‍ തേരി ജില്ലയിലാണ് സംഭവം. ഉയര്‍ന്ന ജാതിക്കാരുടെ തല്ലേറ്റ് അവശനായ ജിതേന്ദ്ര ദാസ് എന്ന 23കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏപ്രില്‍ 26നാണ് അക്രമം നടന്നത്. നായിംബാഗ് താലൂക്കില്‍ പെട്ട സ്ഥലത്തുള്ള ഉയര്‍ന്ന ജാതിക്കാരാണ് മകനെ തല്ലിക്കൊന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലാണ് ആദ്യനെത്തിച്ചത്. ഇവിടെവെച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശ്രീ മെഹന്ത് ഇന്ദിരേഷ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

കൊല്ലപ്പെട്ട ജിതേന്ദ്ര ദാസിന്റെ ബന്ധുക്കള്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുവന്ന കോറൊണേഷന്‍ ആശുപത്രിയില്‍ ധര്‍ണ നടത്തി. തന്റെ സഹോദരന്‍ ഉയര്‍ന്ന ജാതിക്കാരനായ ഒരാളുടെ അടുത്തിരുന്നതാണ് അക്രമത്തിന് പ്രകോപനമായതെന്ന് സംഭവത്തിന് സാക്ഷിയായ സഹോദരി പൂജ പറഞ്ഞു. ”നീചജാതിക്കാരനായ നീ ഞങ്ങളുടെ അടുത്ത് ഇരിക്കാന്‍ പാടില്ല. ഇരുന്നാല്‍ അടി ഉറപ്പാണ്,” എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ജിതേന്ദ്രയുടെ സഹോദരി നല്‍കിയ പരാതിയില്‍ അക്രമം നടത്തിയവരുടെയെല്ലാം പേരുകളുണ്ട്. അക്രമികള്‍ ഗ്രാമത്തില്‍ സ്വതന്ത്രമായി നടക്കുന്നുണ്ടെന്നും തങ്ങളോട് കേസ്സിന് പോകരുതെന്ന് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കള്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ആലോചിച്ചിരുന്നു. ഇതേതുടര്‍ന്ന് ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പാടാക്കിയിരുന്നു.

ബിജെപിയുടെ ത്രിവേന്ദ്ര സിങ് റാവത്താണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. തേരി ഗഢ്വാള്‍ ലോകസഭാ മണ്ഡലത്തിലാണ് സംഭവം നടന്നിരിക്കുന്നത്. 91 മുതല്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇവര്‍ ഗഹ്വാള്‍ ഭരിച്ചിരുന്ന രാജകുടുംബത്തിലെ അംഗമാണ്.

Share this news

Leave a Reply

%d bloggers like this: