നിബിഡവനത്തില്‍ അകപ്പെട്ട യുവതിയെ 17 ദിവസങ്ങള്‍ക്കു ശേഷം ജീവനോടെ കണ്ടെത്തി

നിബിഡവനത്തില്‍ അകപ്പെട്ട യുവതിയെ 17 ദിവസങ്ങള്‍ക്കു ശേഷം ജീവനോടെ കണ്ടെത്തി. പസഫിക് സമുദ്രത്തിന്റെ ഭാഗമായ ‘മൗയി’ ദ്വീപ് നിവാസിയായ അമാന്‍ഡ എല്ലറാണ് (35) കാട്ടില്‍ അകപ്പെട്ടത്. കാട്ടുപുല്ലുകള്‍കൊണ്ട് മൂടപ്പെട്ട കാട്ടുപന്നികള്‍ താമസിക്കുന്ന ഒരു ഗുഹയില്‍ ക്ഷീണിച്ച് അവശയായ നിലയില്‍ ഉറങ്ങുന്ന നിലയിലാണ് അവരെ കണ്ടെത്തിയത്.

മെയ് 9-നാണ് അമാന്‍ഡയെ കാണാനില്ലെന്ന പരാതിയുമായി കാമുകന്‍ പോലീസിനെ സമീപിക്കുന്നത്. തലേദിവസം രാത്രി ഭക്ഷണം കഴിക്കാന്‍ വരാമെന്ന് ഏറ്റതായിരുന്നു. കാണാതായതോടെ പോലീസില്‍ പരാതിപ്പെട്ടു. ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍, പോലീസ് നായകള്‍ തുടങ്ങിയ വന്‍ സന്നാഹമാണ് തിരച്ചിലിനായി രംഗത്തെത്തി.

ട്രാക്ക്ഹെഡ് പാര്‍ക്കിന് ചുറ്റുമുള്ള കൊടുംവനത്തിന് അടുത്ത് വെച്ച് അമാന്‍ഡയുടെ കാര്‍ കണ്ടെത്തിയതോടെയാണ് തിരച്ചില്‍ അങ്ങോട്ടേക്ക് വ്യാപിപ്പിച്ചത്. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവരികയായിരുന്നു എന്ന് അമാന്‍ഡയുടെ അച്ഛന്‍ ജോണ്‍ എല്ലര്‍ പറയുന്നു. ‘അമാന്‍ഡയെ കിട്ടിയെന്ന ഫോണ്‍കോള്‍ വന്നപ്പോള്‍ ഞാന്‍ ആദ്യം കരുതിയത് അവര്‍ തമാശ പറയുകയാണ് എന്നാണ്. വിശ്വസിക്കാനേ സാധിച്ചില്ല. വല്ലാത്തൊരു സ്ഥലമാണത്. വഴിതെറ്റാന്‍ എളുപ്പമാണ്’, അദ്ദേഹം പറഞ്ഞു.

‘വഴിതെറ്റിയെന്നു മനസ്സിലായതോടെ കാറിനടുത്തെത്താന്‍ രണ്ടു ദിവസത്തോളം ശ്രമിച്ചുവെങ്കിലും നടന്നില്ല. കാറ് കണ്ടെത്താന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ പിന്നെ വെള്ളം തിരഞ്ഞു നടക്കാന്‍ തുടങ്ങി. മൂന്നാം ദിവസം 20 അടി മുകളില്‍നിന്നും വീണ് കാലിന് പരിക്കേറ്റു. നാലാം ദിനമായപ്പോഴേക്കും പെട്ടന്നുണ്ടായ വെള്ളപ്പോക്കത്തില്‍ അകപ്പെട്ടു. അവളുടെ ചെരുപ്പുകള്‍ ഒലിച്ചുപോയി’ അമാന്‍ഡയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇടയ്ക്കിടെ മഴപെയ്യാറുള്ള മൗയിയുടെ വടക്കേ അറ്റത്തെ മലനിരകളില്‍ നിന്നുമാണ് അമാന്‍ഡയെ കണ്ടെത്തിയത്. ശനിയാഴ്ച (25-05-2019) പ്രാദേശിക സമയം 3.30-ന് മക്കാവോ ഫോറസ്റ്റ് റിസര്‍വില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് ലക്ഷ്യം കണ്ടത്. 2,000 ഏക്കറില്‍ കൂടുതല്‍ വ്യാപിച്ചുകിടക്കുന്ന വനമാണ് മക്കാവാ റിസര്‍വ്.

ഒരുപാടു ഹെലികോപ്റ്ററുകള്‍ തന്റെ മുകളിലൂടെ പറക്കുന്നത് കണ്ടെന്നും, അപ്പോഴൊക്കെ എണീറ്റ് നിന്ന് കൈ ഉയര്‍ത്തി നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അമാന്‍ഡ പറഞ്ഞു. ചെറിയൊരു കാട്ടരുവി ഒഴുകുന്ന അതേ ദിശയിലായുരുന്നത്രേ അമാന്‍ഡയും നടന്നത്. എങ്ങിനെയെങ്കിലും കടല്‍തീരത്ത് എത്താമെന്ന വിചാരത്തിലായിരുന്നു അത്. ഇപ്പോള്‍ അവള്‍ ശാരീരികമായി അവശയാണെങ്കിലും മാനിസകമായി ശക്തയാണെന്ന് ജോണ്‍ എല്ലര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: